ഹിമാചൽ മേഘവിസ്ഫോടനം: 53 പേരെ കാണാതായി, ആറു മൃതദേഹങ്ങൾ കണ്ടെടുത്തു
text_fieldsഷിംല: ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, ഷിംല മേഖലകളിൽ വ്യാപക നാശം വിതച്ച മേഘവിസ്ഫോടനത്തെ തുടർന്ന് 53 പേരെ കാണാതായതായും ആറു മൃതദേഹങ്ങൾ കണ്ടെടുത്തതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ അറുപതോളം വീടുകൾ ഒലിച്ചുപോയതായും നിരവധി ഗ്രാമങ്ങളെ സാരമായി ബാധിച്ചതായും ജില്ലാ ദുരന്തനിവാരണ അതോറിറ്റി സ്‌പെഷ്യൽ സെക്രട്ടറി ഡി.സി റാണ പറഞ്ഞു. ജൂലൈ 31 രാത്രിയിലാണ് പ്രദേശത്തെ കശക്കിയെറിഞ്ഞ മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്‌ഫോടനവും തുടർന്നുണ്ടായ പ്രളയവും കാരണം റോഡ് തകർന്ന റാംപൂരിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്. മാണ്ഡിയിലാണ് ഏറ്റവും കൂടുതൽ ആളുകൾ മരിച്ചത്, അഞ്ച് പേർ. കുളുവിൽ ഒരാൾ മരിച്ചു. ഷിംലയിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
ഷിംലയിൽ 33 പേരെയും കുളുവിൽ ഒമ്പത് പേരെയും മണ്ടിയിൽ ആറുപേരെയും കാണാതായിട്ടുണ്ട്. 61 വീടുകൾ പൂർണമായും 42 വീടുകൾ ഭാഗികമായും തകർന്നു.
നിർമ്മാണത്തിലിരിക്കുന്ന കുർപാൻ ഖാഡ് പദ്ധതിക്ക് പ്രളയത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായിട്ടുണ്ട്.
കുളു ജില്ലയിലെ ബാഗി പുൽ മേഖലയിൽ ദുരന്തം ബാധിച്ച കുടുംബങ്ങളുമായി ഉപമുഖ്യമന്ത്രി മുകേഷ് അഗ്നിഹോത്രി കൂടിക്കാഴ്ച നടത്തി. സ്ഥിതിഗതികൾ ഭീകരവും വേദനാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു. ദുരിതബാധിതർക്ക് ആശ്വാസം നൽകുന്നതിന് ഭരണകൂടം ഉത്സാഹത്തോടെ പ്രവർത്തിക്കുന്നുണ്ട്. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ പിന്തുണയും സർക്കാർ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.