ഹിമാചലിൽ നാടകീയ നീക്കങ്ങൾ; 15 ബി.ജെ.പി എം.എൽ.എമാരെ പുറത്താക്കി സ്പീക്കർ; മന്ത്രി വിക്രമാദിത്യ സിങ് രാജിവെച്ചു
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശിൽ നാടകീയ നീക്കങ്ങൾ. സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ജയറാം ഠാക്കൂറും സംഘവും ഗവർണറെ കണ്ടതിനു പിന്നാലെ 15 പാർട്ടി എം.എൽ.എമാരെ സ്പീക്കർ സഭയിൽനിന്ന് സസ്പെൻഡ് ചെയ്തു.
പ്രതിപക്ഷ നേതാവ് അടക്കമുള്ള ബി.ജെ.പി എം.എൽ.എമാരെയാണ് സസ്പെൻഡ് ചെയ്തത്. സസ്പെൻഷനുള്ള കാരണമെന്താണെന്നു വ്യക്തമാക്കിയിട്ടില്ല. ഇതിനിടെ സംസ്ഥാനത്തെ മുതിർന്ന നേതാവും പൊതുമരാമത്ത് മന്ത്രിയുമായ വിക്രമാദിത്യ സിങ് രാജിവെച്ചു. ആകെ 25 എം.എൽ.എമാരാണ് ബി.ജെ.പിക്ക് സഭയിലുള്ളത്. വിശ്വാസ വോട്ടെടുപ്പ് നടന്നാൽ 11 പേർക്കു മാത്രമേ ഇനി പങ്കെടുക്കാനാവു. അന്തരിച്ച കോൺഗ്രസ് നേതാവ് വീർഭദ്ര സിങ്ങിന്‍റെ മകനാണ് വിക്രമാദിത്യ.
മുഖ്യമന്ത്രി സുഖ്‍വീന്ദർ സുകുവിനെതിരെ രൂക്ഷ വിമർശനങ്ങളാണ് വിക്രമാദിത്യ നടത്തിയത്. മുഖ്യമന്ത്രി എം.എല്‍.എമാരോട് അനാദരവ് കാണിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്നലെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ടും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു. 68 അംഗ നിയമസഭയിൽ കോൺഗ്രസിന് 40 എം.എൽ.എമാരുണ്ടായിട്ടും ബി.ജെ.പി നടത്തിയ നിർണായക കരുനീക്കമാണ് പാർട്ടിക്ക് തിരിച്ചടിയായത്.
മുതിർന്ന നേതാവ് അഭിഷേക് മനു സിങ്വിയാണ് പരാജയപ്പെട്ടത്. ആറു കോൺഗ്രസ് എം.എൽ.എമാർ ക്രോസ് വോട്ട് ചെയ്തതോടെ ഇരു സ്ഥാനാർഥികൾക്കും 34 വോട്ടുകൾ വീതം ലഭിച്ചു. ഒടുവിൽ നറുക്കെടുപ്പിലൂടെയാണ് ബി.ജെ.പിയുടെ ഹർഷ് മഹാജൻ ജയിച്ചത്. ബുധനാഴ്ച രാവിലെ രാജ്ഭവനിലെത്തി ഗവർണർ ശിവ പ്രതാപ് ശുക്ലയെ കണ്ട മുതിർന്ന ബി.ജെ.പി നേതാവും പ്രതിപക്ഷ നേതാവുമായ ജയറാം ഠാകൂറിന്‍റെ നേതൃത്വത്തിലുള്ള സംഘം സഭയിൽ വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ടു. സുഖ്‍വീന്ദർ സുകുവിന്‍റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാറിന് ഭൂരിപക്ഷം നഷ്ടപ്പെട്ടെന്ന് ബി.ജെ.പി നേതാക്കൾ ആരോപിച്ചു.
നിയമസഭ സമ്മേളനം നടന്നുവരുന്നതിനിടയിലാണ് നാടകീയ സംഭവങ്ങൾ. കോൺഗ്രസിന് വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്ന ഉത്തരേന്ത്യയിലെ ഏക സംസ്ഥാനത്ത് ഭരണം നഷ്ടപ്പെടുന്നതിലേക്കാണ് കാര്യങ്ങൾ എത്തുന്നത്. മുഖ്യമന്ത്രിയുമായി എം.എൽ.എമാരിൽ ഒരു വിഭാഗത്തിനുള്ള അഭിപ്രായവ്യത്യാസം കോൺഗ്രസ് ഹൈകമാൻഡ് അറിയാതിരിക്കുകയോ കാര്യമാക്കാതിരിക്കുകയോ ചെയ്തതാണ് തിരിച്ചടിക്ക് കാരണം.
അഭിഷേക് സിങ്വിയെ സംസ്ഥാനത്തേക്ക് രാജ്യസഭ സ്ഥാനാർഥിയായി കെട്ടിയിറക്കിയത് ഒരുവിഭാഗം എം.എൽ.എമാർക്ക് പിടിച്ചിരുന്നില്ല. ബി.ജെ.പിയാകട്ടെ, ഈ സാഹചര്യം പിന്നാമ്പുറ നീക്കത്തിലൂടെ ഉപയോഗപ്പെടുത്തി. മൂന്നു സ്വതന്ത്രർ അടക്കം ഒമ്പത് എം.എൽ.എമാരുടെ പിന്തുണയാണ് നഷ്ടപ്പെട്ടത്. അതേസമയം, ആറു കോൺഗ്രസ് എം.എൽ.എമാരെ ഹരിയാന പൊലീസും സി.ആർ.പി.എഫും ചേർന്ന് പിടികൂടി കൊണ്ടുപോയെന്നാണ് മുഖ്യമന്ത്രിയുടെ വാദം. അവരെ ബന്ധപ്പെടാനുള്ള ബന്ധുക്കളുടെ ശ്രമങ്ങൾ ഫലവത്തായില്ലെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.