ഉൾപ്പോരും വിമതനീക്കവും; ഹിമാചലിൽ തണുത്തുറഞ്ഞ് ബി.ജെ.പി
text_fieldsന്യൂഡൽഹി: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തി നിൽക്കെ വിമതനീക്കത്തിൽ പൊറുതിമുട്ടി ബി.ജെ.പി. സ്ഥാനാർഥി പ്രഖ്യാപനത്തിലെ പാളിച്ചകളാണ് പാർട്ടി ഉൾപ്പോരിനും രൂക്ഷമായ വിമത നീക്കത്തിനും വഴിവെച്ചിരിക്കുന്നത്.
ഇത്തവണ പുതുമുഖങ്ങൾക്ക് അവസരം നൽകിയപ്പോൾ മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമൽ ഉൾപ്പെടെ 11 സിറ്റിങ് എം.എൽ.എമാർക്കാണ് സീറ്റ് നഷ്ടമായത്. സീറ്റ് നിഷേധിക്കപ്പെട്ടതിൽ രോഷാകുലരായ 13 നേതാക്കൾ ഇതിനകം റെബൽ സ്ഥാനാർഥികളായി പത്രിക സമർപ്പിച്ചു കഴിഞ്ഞു.
അതോടൊപ്പം പ്രമുഖ നേതാവായ വിപിൻ നഹരിയക്ക് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് ധർമശാല മണ്ഡല യൂനിറ്റിൽ നൂറു കണക്കിന് പ്രവർത്തകർ സ്ഥാനങ്ങൾ രാജിവെക്കുകയും ചെയ്തു. കുളു മണ്ഡലത്തിൽ മുൻ ഭരണാധികാരി കൂടിയായ മഹേശ്വർ സിങ്ങിന് അവസാന നിമിഷം സീറ്റ് നിഷേധിക്കപ്പെട്ടതോടെ മകൻ പാർട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാർഥിയായി.
മുൻ മുഖ്യമന്ത്രി പ്രേം കുമാർ ധുമലിന് സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് സംസ്ഥാനത്ത് വിമത നീക്കം ശക്തമായതെന്ന വിലയിരുത്തലിലാണ് പാർട്ടി നേതൃത്വം. കർട്ടന് പിറകിൽ നിന്ന് കളികൾക്ക് നേതൃത്വം നൽകുന്നത് ധുമലാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
മുഖ്യമന്ത്രി ജയ് റാം ഠാകൂറിന്റെ സ്വന്തം ജില്ലയായ മാണ്ഡിയിലെ കർസോഗ് മണ്ഡലത്തിൽ നിന്നുള്ള സിറ്റിങ് എം.എൽ.എ യുവരാജ് കപൂർ പാർട്ടി സ്ഥാനാർഥിക്കെതിരെ നാമനിർദേശ പത്രിക നൽകിയതും വലിയ ചർച്ചയായിട്ടുണ്ട്.
മണ്ഡലത്തിന് പുറത്തുള്ള ദീപ് രാജിന് അവസരം നൽകാനാണ് യുവരാജ് കപൂറിനെ തഴഞ്ഞതെന്നാണ് പാർട്ടി പ്രവർത്തകരുടെ ആരോപണം. ഇദ്ദേഹത്തെ അനുനയിപ്പിക്കാൻ മുഖ്യമന്ത്രി നേരിട്ട് കളത്തിലിറങ്ങിയെങ്കിലും ഫലം കണ്ടിട്ടില്ല.
ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ സ്വന്തം സംസ്ഥാനമായിട്ടു പോലും പാർട്ടിയിലെ വിമതനീക്കത്തെ ഇതുവരെ പാർട്ടിക്ക് ചെറുക്കാനായിട്ടില്ലെന്നതും നാണക്കേടായിട്ടുണ്ട്. നഡ്ഡയും കേന്ദ്രമന്ത്രി അനുരാഗ് ഠാകൂറും അനുനയ ശ്രമങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ടെങ്കിലും വിമത നീക്കങ്ങളെ പൂർണമായും ഇല്ലാതാക്കാൻ ഇതുവരെ സാധിച്ചിട്ടില്ല.
സ്ഥാനാർഥി നിർണയത്തിലെ തീരുമാനങ്ങളിൽ പാർട്ടികകത്തു നിന്നുള്ള അഭിപ്രായങ്ങൾ കൂടി അറിഞ്ഞ് കേന്ദ്രകമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യാനാണ് ഇപ്പോഴത്തെ തീരുമാനം. ഹിമാചലിൽ കൂടുതലും ഒരു ലക്ഷത്തിന് താളെ വോട്ടർമാരുള്ള ചെറു മണ്ഡലങ്ങളാണ്.
അതുകൊണ്ടു തന്നെ ചെറിയ ശതമാനം വോട്ടുകൾ ഭിന്നിച്ചാൽ പോലും അത് വിജയത്തിൽ വലിയ പ്രതിഫലനമായിരിക്കും ഉണ്ടാക്കുക. പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചാൽ ആറു വർഷത്തേക്ക് 'ഘർവാപസി' ഉണ്ടാകില്ലെന്നാണ് അവസാനമായി പാർട്ടി വിമതരെ ഭീഷണിപ്പെടുത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.