പ്രവചനാതീതം ഹിമാചൽ; കളംവാഴുമോ ഭരണവിരുദ്ധവികാരം?
text_fieldsഷിംല: വർഷംതോറും ഭരണം മാറുന്ന 'ദേവഭൂമി' എന്ന് പേരുകേട്ട ഹിമാചൽപ്രദേശിൽ ഭരണം നിലനിർത്താൻ ബി.ജെ.പിയും പിടിച്ചെടുക്കാൻ കോൺഗ്രസും കടുത്ത പോരാട്ടത്തിലാണ്. ഹിമാചൽപ്രദേശിന്റെ ഭൂപ്രകൃതിപോലെ രാഷ്ട്രീയവും വളവുകളും തിരിവുകളും നിറഞ്ഞതാണ്. നവംബർ 12ന് നിയമസഭ തെരഞ്ഞെടുപ്പ് നടക്കേണ്ട ഹിമാചലിൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുൻ ജനറൽ സെക്രട്ടറി ധരംപാൽ ഠാകുർ ഖണ്ഡ് ഉൾപ്പെടെ 26 കോൺഗ്രസ് നേതാക്കളാണ് തിങ്കളാഴ്ച ബി.ജെ.പിയിൽ ചേർന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കൾ മറുകണ്ടംചാടിയത് കോൺഗ്രസിന് വലിയ ക്ഷീണമായി.
ഭരണവിരുദ്ധവികാരം എക്കാലവും വിധിനിർണയിക്കുന്ന സംസ്ഥാനം നിലനിർത്താൻ കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ് ബി.ജെ.പി. 68 മണ്ഡലങ്ങളിലായി 20 ബി.ജെ.പി വിമതരാണുള്ളത്. ബി.ജെ.പി സംസ്ഥാന നേതൃത്വത്തിലെ ഭിന്നതകളും കണക്കിലെടുത്താൽ ഫലം പറയാനാവില്ല. ആം ആദ്മി പാർട്ടി പോലുള്ള പുതിയ പാർട്ടികൾ കടന്നുകയറാൻ ശ്രമിക്കുന്നുമുണ്ട്. അധികാരത്തിലേറിയാൽ ഓൾഡ് പെൻഷൻ പദ്ധതി (ഒ.പി.എസ്) പുനഃസ്ഥാപിക്കുമെന്നും സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ സഹായം നൽകുമെന്നുമുള്ള വാഗ്ദാനവുമായാണ് കോൺഗ്രസ് പ്രചാരണം.
സ്ത്രീവോട്ടർമാരുടെ പിന്തുണയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രതിച്ഛായയുംകൊണ്ട് ഭരണവിരുദ്ധവികാരം മറികടക്കാമെന്നാണ് ബി.ജെ.പി കണക്കുകൂട്ടുന്നത്. സംസ്ഥാനത്തെ എല്ലാ പരസ്യബോർഡുകളിലും മോദിയുണ്ട്. വിലക്കയറ്റംമൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കിലും സ്ത്രീകൾ ബി.ജെ.പിയെ കൈവിടുമെന്ന് കരുതാനാവില്ലെന്നാണ് സൂചന. ബി.ജെ.പി സ്ത്രീകൾക്കുവേണ്ടി ഒരുപാടുകാര്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് സോളനിലെ സ്ത്രീകൾ പറയുന്നു. എന്നാൽ, കോൺഗ്രസിന്റെ 1500 രൂപ സഹായത്തിൽ അവർക്ക് വിശ്വാസമില്ല.
ഭരണമാറ്റം പതിവ്
മൂന്നു പതിറ്റാണ്ടായി ബി.ജെ.പിയും കോൺഗ്രസും മാറിമാറി ഭരിക്കുന്ന സംസ്ഥാനമാണ് ഹിമാചൽപ്രദേശ്. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വോട്ടുവിഹിതം 27 ശതമാനമായി കുറഞ്ഞതൊഴിച്ചാൽ ഇരുപാർട്ടിക്കും വോട്ടുവിഹിതത്തിന്റെ 40 ശതമാനം പതിവായി ലഭിച്ചിട്ടുണ്ട്.
കോൺഗ്രസും ബി.ജെ.പിയും തമ്മിലെ വൻതോതിലുള്ള വോട്ടുവിഹിത അന്തരം കാവി പാർട്ടിക്ക് അനുകൂലവിധി പ്രവചിക്കുമ്പോൾ, 2021ൽ സംസ്ഥാനത്ത് നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലെ ബി.ജെ.പിയുടെ പ്രകടനം വ്യക്തമാക്കുന്നത് ഹിമാചൽ പ്രവചനാതീതമാകുമെന്നാണ്. 2021ൽ ഫത്തേപുർ, അർക്കി, ജുബ്ബാൽ-കോട്ഖായ് നിയമസഭ മണ്ഡലങ്ങളിലും മാണ്ഡി ലോക്സഭ മണ്ഡലത്തിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് സീറ്റും കോൺഗ്രസ് നേടി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിനെക്കാൾ ഫത്തേപുർ, അർക്കി, ജുബ്ബൽ-കോട്ഖായ് ഉപതെരഞ്ഞെടുപ്പുകളിൽ ബിജെ.പിക്ക് 42, 24, 54 ശതമാനം വോട്ട് കുറഞ്ഞു. കോൺഗ്രസിന് 21, 26, 3 ശതമാനം വോട്ടുകൾ ലഭിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അഭിപ്രായ സർവേയിൽ ബി.ജെ.പിക്ക് ജയം
68 സീറ്റുകളിൽ 37 മുതൽ 45വരെ ബി.ജെ.പിക്കും 21 മുതൽ 29വരെ കോൺഗ്രസിനും ലഭിക്കുമെന്നാണ് ഒക്ടോബർ മൂന്നിന് പുറത്തുവന്ന എ.ബി.പി സി-വോട്ടർ അഭിപ്രായ വോട്ടെടുപ്പ് ഫലം. ബി.ജെ.പിക്ക് 46 ശതമാനം വോട്ടും കോൺഗ്രസിന് 42 ശതമാനവും ലഭിക്കുമെന്ന് ഇന്ത്യ ടി.വി-മാട്രൈസ് അഭിപ്രായഫലം പ്രവചിക്കുന്നു. എ.എ.പിക്ക് രണ്ട് ശതമാനവും മറ്റ് പാർട്ടികൾക്കും സ്വതന്ത്രർക്കും 10 ശതമാനവും വോട്ടുകൾ ലഭിക്കുമെന്നാണ് പറയുന്നത്. എ.എ.പിക്ക് സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാനാകില്ലെന്നാണ് സർവേ പറയുന്നത്. 41 സീറ്റുകൾ നേടി ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ബി.ജെ.പി കഴിഞ്ഞതവണ 44 സീറ്റുകൾ നേടിയിരുന്നു. കഴിഞ്ഞതവണ നേടിയ 21നൊപ്പം നാല് കൂടി ചേർത്ത് 25 സീറ്റുകൾ കോൺഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.