ഹിമാചൽ: ഏഴോളം ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് വന്നേക്കുമെന്ന് സുഖ്വിന്ദര് സുഖു
text_fieldsഷിംല: ഹിമാചൽ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏഴോളം ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് വന്നേക്കുമെന്ന് പ്രചാരണ സമിതി ചെയര്‍മാനും മുൻ സംസ്ഥാന അധ്യക്ഷനുമായ സുഖ്വിന്ദര് സിങ് സുഖു. നിലവിൽ മൂന്ന് എം.എൽ.എമാർ പിന്തുണ അറിയിച്ചതായും സുഖ്വിന്ദര് സുഖു മാധ്യമങ്ങളോട് പറഞ്ഞു.
സംസ്ഥാനത്ത് സ്ഥിരതയുള്ള സർക്കാർ കോൺഗ്രസ് രൂപീകരിക്കും. കോൺഗ്രസിന് 40 എം.എൽ.എമാരാണുള്ളത്. മൂന്നിലധികം എം.എൽ.എമാർ പിന്തുണ അറിയിച്ചിട്ടുണ്ട്. ഇതോടെ എം.എൽ.എമാരുടെ എണ്ണം 43 ആയി ഉയരും. ബി.ജെ.പിയിൽ നിന്നല്ലാതെ ആരും കോൺഗ്രസിൽ നിന്ന് പൊഴിഞ്ഞുപോകില്ല. അത് കുപ്രചാരണമാണ്. വരും ദിവസങ്ങളിൽ ആറോ ഏഴോ ബി.ജെ.പി എം.എൽ.എമാർ കോൺഗ്രസിലേക്ക് വരാൻ സാധ്യതയുണ്ടെന്നും സുഖു പറഞ്ഞു.
മുൻ കാലങ്ങളിലോ നിലവിലോ ഭാവിയിലോ ഒരു പദവിയിലേക്കും താൻ മത്സരിക്കില്ല. താനൊരു കോൺഗ്രസ് പ്രവർത്തകനാണെന്നും എല്ലായ്പോഴും അങ്ങനെയാണ് പ്രവർത്തിച്ചിട്ടുള്ളതെന്നും സുഖു പറഞ്ഞു. ഒരിക്കലും ഒരു പദവികളും ആഗ്രഹിച്ചിട്ടില്ല. കോൺഗ്രസ് എന്നെ സംസ്ഥാന അധ്യക്ഷനാക്കി. പാർട്ടി തനിക്ക് ഒരുപാട് പദവികൾ നൽകിയെന്നും നിർദേശം അനുസരിക്കേണ്ടത് തന്റെ കടമയാണെന്നും സുഖു വ്യക്തമാക്കി.
മുഖ്യമന്ത്രിപദവിയിൽ ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്നാണ് സുഖ്വിന്ദര് സുഖുവിന്റേത്. സുഖുവിനെ കൂടാതെ ഹിമാചല്‍പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷയും വീർഭദ്ര സിങ്ങിന്റെ ഭാര്യയുമായ പ്രതിഭ സിങ്, നിലവിലെ പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രിയുടെ പേരുകളും ഉയർന്നു വരുന്നുണ്ട്.
അതേസമയം, ഹിമാചലിലെ പുതിയ മുഖ്യമന്ത്രി സംബന്ധിച്ച തീരുമാനം വൈകുമെന്നാണ് റിപ്പോർട്ട്. ഇന്ന് ഡൽഹയിലെത്തുന്ന ഹിമാചൽ പ്രദേശിന്‍റെ ചുമതലയുള്ള രാജീവ് ശുക്ല, നിരീക്ഷകൻ ഭൂപേഷ് ഭഗൽ, ഭൂപേന്ദർ ഹുഡ അടക്കമുള്ള നിരീക്ഷകർ കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന് റിപ്പോർട്ട് കൈമാറും.
കോൺഗ്രസ് 40 സീറ്റിൽ വിജയിച്ചാണ് ഹിമാചലിൽ ഭരണം തിരികെ പിടിച്ചത്. ബി.ജെ.പിക്ക് 25 സീറ്റും സ്വതന്ത്രർ മൂന്നു സീറ്റും നേടി. സ്വതന്ത്രരായി ജയിച്ചവർ ബി.ജെ.പി വിമതരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.