പ്രധാനമന്ത്രിയുടെ ഹിമാചൽ സന്ദർശനം; മാധ്യമ പ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന ഉത്തരവ് പിൻവലിച്ചു
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചൽ പ്രദേശ് സന്ദർശനം റിപ്പോർട്ട് ചെയ്യാനെത്തുന്ന മാധ്യമ പ്രവർത്തകരുടെ സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട ജില്ല ഭരണകൂടത്തിന്‍റെ ഉത്തരവ് പിൻവലിച്ച് മുഖ്യമന്ത്രി ജയറാം താക്കൂർ. സന്ദർശനം റിപ്പോർട്ട് ചെയ്യാൻ എല്ലാ മാധ്യമ പ്രവർത്തകരെയും അദ്ദേഹം സ്വാഗതം ചെയ്തു.
എല്ലാ മാധ്യമപ്രവർത്തകരോടും പ്രവേശനത്തിനും സെക്യൂരിറ്റി പാസിനും സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബിലാസ്പൂർ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടതിന് മണിക്കൂറുകൾക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. "ഒക്‌ടോബർ അഞ്ചിന് പ്രധാനമന്ത്രിയുടെ ഹിമാചൽ സന്ദർശനം റിപ്പോർട്ട് ചെയ്യാൻ എല്ലാ മാധ്യമപ്രവർത്തകരെയും ഞാൻ ക്ഷണിക്കുന്നു. ഔദ്യോഗിക ഉത്തരവ് പിൻവലിച്ചു. ഉത്തരവ് പുറപ്പെടുവിച്ച ഉദ്യോഗസ്ഥനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്"- മുഖ്യമന്ത്രി പറഞ്ഞു.
സ്വഭാവ പരിശോധന സർട്ടിഫിക്കറ്റ് ഒക്‌ടോബർ ഒന്നിനകം ബിലാസ്പൂരിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓഫീസിൽ നൽകണം. റാലിയിലും മീറ്റിങ്ങിലും പ്രവേശിക്കുന്നത് ഇതിന്‍റെ അടിസ്ഥാനത്തിൽ ഓഫീസ് തീരുമാനിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.
തന്റെ 22 വർഷത്തെ പത്രപ്രവർത്തന ജീവിതത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു വിചിത്രമായ ആവശ്യമുണ്ടാകുന്നതെന്ന് എ.എ.പി വക്താവ് പങ്കജ് പണ്ഡിറ്റ് പ്രതികരിച്ചു. നീക്കം മാധ്യമ സ്വാതന്ത്ര്യത്തിന് എതിരാണെന്ന് ഹിമാചൽ കോൺഗ്രസ് കമ്മിറ്റി മുഖ്യ വക്താവ് നരേഷ് ചൗഹാൻ അപലപിച്ചു. നേരത്തെ സെപ്റ്റംബർ 24ന് നിശ്ചയിച്ചിരുന്ന പ്രധാമന്ത്രിയുടെ റാലി മോശം കാലാവസ്ഥയെ തുടർന്ന് റദ്ദാക്കുകയും പിന്നീട് ബുധനാഴ്ച നടത്താമെന്ന് തീരുമാനിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.