സുഭാഷ് ചന്ദ്രബോസ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെന്ന കങ്കണയുടെ പരാമർശത്തെ ന്യായീകരിച്ച് ഹിമന്ത ശർമ
text_fieldsന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിനെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി എന്ന് വിളിച്ച നടിയും ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥിയുമായ കങ്കണാ റണാവത്തിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ.
ജവഹർലാൽ നെഹ്റു ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയാകുന്നതിനു നാലു വർഷം മുമ്പേ നേതാജി ആസാദ് ഹിന്ദ് സർക്കാർ സ്ഥാപിച്ചിരുന്നതായി ഹിമന്ത പറഞ്ഞു. ഒമ്പത് രാജ്യങ്ങൾ ആസാദ് ഹിന്ദ് സർക്കാറിനെ അംഗീകരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ‘കങ്കണയെ കളിയാക്കുന്നവരുടെ ശ്രദ്ധക്ക്, 1943 ഒക്ടോബർ 21നാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് സർക്കാർ സ്ഥാപിക്കുന്നത്. ഇതിന്‍റെ തലവൻ അദ്ദേഹമായിരുന്നു. ജവഹർലാൽ നെഹ്റു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു നാലു വർഷം മുമ്പാണിത്’ -ഹിമന്ത് എക്സിൽ കുറിച്ചു.
ഒമ്പത് രാജ്യങ്ങൾ ആസാദ് ഹിന്ദ് സർക്കാറിനെ ഇന്ത്യയുടെ നിയമാനുസൃത സർക്കാറായി അംഗീകരിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു ടെലിവിഷന്‍ അഭിമുഖത്തിനിടെ ആയിരുന്നു കങ്കണയുടെ പരാമർശം. ’നമുക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നേതാജി സുഭാഷ് ചന്ദ്രബോസ് എവിടെ പോയി’ എന്നായിരുന്നു കങ്കണയുടെ ചോദ്യം.
ഹിമാചൽ പ്രദേശിലെ മണ്ഡ്യ ലോക്സഭ മണ്ഡലത്തിൽനിന്നാണ് കങ്കണ ബി.ജെ.പി ടിക്കറ്റിൽ മത്സരിക്കുന്നത്. നടിയെ പരിഹസിച്ച് ബി.ആര്‍.എസ് (ഭാരതീയ രാഷ്ട്ര സമിതി) നേതാവ് കെ.ടി. രാമറാവു ഉൾപ്പെടെയുള്ളവർ രംഗത്തുവന്നിരുന്നു. ’വടക്കുനിന്നുള്ള ഒരു ബി.ജെ.പി. സ്ഥാനാര്‍ഥി പറയുന്നു, സുഭാഷ് ചന്ദ്രബോസ് ആയിരുന്നു നമ്മുടെ ആദ്യ പ്രധാനമന്ത്രിയെന്ന്. തെക്കുനിന്നുള്ള മറ്റൊരു ബി.ജെ.പി നേതാവ് പറയുന്നു, മഹാത്മാ ഗാന്ധി നമ്മുടെ പ്രധാനമന്ത്രിയായിരുന്നുവെന്ന്. എവിടെ നിന്നാണാവോ ഇവരൊക്കെ ബിരുദം കരസ്ഥമാക്കിയത്’ -രാമറാവു എക്‌സില്‍ കുറിച്ചു.
2014ൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതിനുശേഷമാണ് ഇന്ത്യക്ക് യഥാർഥ സ്വാതന്ത്ര്യം ലഭിച്ചതെന്ന കങ്കണയുടെ പരാമർശം വലിയ പരിഹാസത്തിനിടയാക്കിയിരുന്നു. ഹിമാചലിലെ നാലു ലോക്സഭ മണ്ഡലങ്ങളിലേക്കും ജൂൺ ഒന്നിനാണ് വോട്ടെടുപ്പ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.