'ശിവസേന തർക്കം അസം പ്രളയത്തെ ഉയർത്തിക്കാട്ടാൻ സഹായിച്ചു'; ഹിമന്ത ബിശ്വ ശർമ
text_fieldsഗുവാഹത്തി: അസമിലെ പ്രളയത്തെ ഉയർത്തിക്കാട്ടാൻ ശിവസേനയിലെ രാഷ്ട്രീയ തർക്കം സഹായിച്ചതിൽ സന്തോഷമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അസമിലെ പ്രളയത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം മഹാരാഷ്ട്രയിലെ ശിവസേനയുടെ വിമത എം.എൽ.എമാർക്ക് ഗുവാഹത്തിയിലെ ഹോട്ടലിൽ സ്വീകരണമൊരുക്കാനുള്ള തിരക്കിലാണ് മുഖ്യമന്ത്രിയെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധിയിൽ തനിക്ക് ബന്ധമില്ലെന്ന് ശർമ ആവർത്തിച്ചു. ഗുവാഹത്തിയിൽ 200ലധികം ഹോട്ടലുകളുണ്ട്. അതിലെല്ലാം നിലവിൽ അതിഥികളുമുണ്ട്. വെള്ളപ്പൊക്കത്തിന്‍റെ പേരിൽ ഇവരെയൊക്കെ ഹോട്ടലുകളിൽനിന്ന് നീക്കം ചെയ്യുകയാണോ വേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. മഹാരാഷ്ട്രയിൽ ശിവസേനയുടെ വിമത എം.എൽ.എമാർക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ടെങ്കിലും താൻ ഈ വിഷയത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുവാഹത്തിയിലെ ഹോട്ടലിലെത്തി ശിവസേന വിമത എം.എൽ.എമാരെ മുഖ്യമന്ത്രി സന്ദർശിച്ചത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
പുറത്തുനിന്ന് വരുന്ന ഏതൊരാൾക്കും സുരക്ഷിതവും സുഖകരവുമായ താമസ സൗകര്യമൊരുക്കുക എന്നതാണ് ഞങ്ങളുടെ ജോലി. വരുന്നത് കോൺഗ്രസ് ആണെങ്കിൽ പോലും ഇതേ രീതിയിൽ സ്വീകരിക്കും. ശിവസേനയുടെ വരവോടെ സംസ്ഥാനത്തെ പ്രളയത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചെന്നും അതിനാൽ താൻ എന്നും അവരോട് നന്ദിയുള്ളവനായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ മുതൽ അസമിൽ തുടരുന്ന വെള്ളപ്പൊക്കം 28 ജില്ലകളിലെ 33 ലക്ഷം ആളുകളെയാണ് നേരിട്ട് ബാധിച്ചത്. മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലുമായി 117 പേർ മരിച്ചു. ഭക്ഷണത്തിനും വെള്ളത്തിനുമായി സംസ്ഥാനത്തെ ജനങ്ങൾ ബുദ്ധിമുട്ടുന്ന സ്ഥിതിയാണ്. അസമിലെ വലിയ നഗരങ്ങളിലൊന്നായ സിൽച്ചാറിന്‍റെ 80 ശതമാനവും വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കത്തിൽ ഇടപെടുന്നതിന് പകരം മഹാരാഷ്ട്രയിലെ കുതിരക്കച്ചവടത്തിന് സംസ്ഥാനത്ത് സൗകര്യമൊരുക്കിക്കൊടുക്കുകയാണ് അസം മുഖ്യമന്ത്രി ചെയ്യുന്നതെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.