ഹിമന്ത ബിശ്വ ശർമക്ക് കൈമുതൽ കൗശലം; കോൺഗ്രസിൽനിന്ന് ബി.ജെ.പിയിലെത്തി മുഖ്യമന്ത്രിയായി
text_fieldsഗുവാഹതി: അസം രാഷ്ട്രീയ ചരിത്രത്തിൽ എന്നും കൗശലക്കാരനായ രാഷ്ട്രീയ നേതാവിെൻറ വേഷമായിരുന്നു ഹിമന്ത ബിശ്വ ശർമയുടേത്. പണ്ടു മുതൽക്കെ കണ്ണുവെച്ചത് ഉയർന്ന പദവികളിൽ മാത്രം. ആശിച്ചത് നേടാനുള്ള ദൃഢനിശ്ചയമാണ് കരുത്ത്. ലക്ഷ്യംനേടാൻ എത്ര കഠിന പരിശ്രമത്തിനും തയാർ. വടക്കു-കിഴക്കൻ സംസ്ഥാനത്തെ ഏറ്റവും കരുത്തനായ രാഷ്ട്രീയ നേതാവായാണ് 52കാരനായ ശർമയെ എതിരാളികൾപോലും പരിഗണിക്കുന്നത്. നിയമ വിദ്യാർഥിയായിരിക്കെ '80കളുടെ തുടക്കത്തിൽ, വിദേശ വിരുദ്ധ പ്രക്ഷോഭത്തിലൂടെയാണ് രാഷ്ട്രീയത്തിൽ ചുവടുവെക്കുന്നത്. അന്നത്തെ എ.എ.എസ്.യു (ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ)നേതാക്കളായ പ്രഫുല്ല കുമാർ മഹന്ത, ഭ്രിഗു കുമാർ ഫുകാൻ എന്നിവരുടെ അരുമ ശിഷ്യൻ എന്ന നിലയിലായിരുന്നു അറിയപ്പെട്ടത്.
പാർലമെൻററി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത് കോൺഗ്രസിലൂടെയാണെങ്കിലും അസമിെൻറ മുഖ്യമന്ത്രി പദത്തിലേറുന്നത് ബി.ജെ.പിയിലൂടെയാണ്. എങ്കിലും രാഷ്ട്രീയത്തിൽ ചുവടുറപ്പിക്കാൻ സഹായിച്ചത് കോൺഗ്രസിൽനിന്നു തന്നെയുള്ള രണ്ടു മുഖ്യമന്ത്രിമാരാണ്. ശർമയുടെ രാഷ്ട്രീയ വിവേകവും എല്ലാ പ്രതിബന്ധങ്ങൾക്കും എതിരായി പ്രവർത്തിക്കാനുള്ള കഴിവും തിരിച്ചറിയുക മാത്രമല്ല അതിന് അംഗീകാരം നൽകിയതും മുൻ കോൺഗ്രസ് മുഖ്യമന്ത്രിമാരായ ഹിതേശ്വർ സൈകിയയും തരുൺ ഗൊഗോയിയുമാണ്. നാലു തവണ എം.എൽ.എ ആയി. 2001 മുതൽ എല്ലാ മന്ത്രിസഭകളിലും അംഗവുമായിരുന്നു. ഗൊഗോയി മന്ത്രിസഭയിൽ രണ്ടു തവണ കൃഷിവകുപ്പ് കൈകാര്യം ചെയ്തു. അസം കോൺഗ്രസിനുള്ളിൽ വിള്ളലുകൾ വർധിച്ചതോടെ നിരവധി തവണ ഡൽഹിയിൽ തമ്പടിച്ചു.
ഗൊഗോയിയുമായി വേർപിരിഞ്ഞ ശേഷം 2015ൽ കോൺഗ്രസ് വിട്ടു. ബി.ജെ.പിയുടെ കരുത്ത് തിരിച്ചറിഞ്ഞതോടെ ചുവടുമാറ്റി. വൈകാതെ വടക്കു-കിഴക്കൻ ജനാധിപത്യ സഖ്യത്തിെൻറ (എൻ.ഇ.ഡി.എ) കൺവീനറായി തെരഞ്ഞെടുക്കപ്പെട്ടു. 2015 ആഗസ്റ്റിൽ അമിത് ഷാ കൂടിക്കാഴ്ചക്ക് ക്ഷണിച്ചതോടെ ശുക്രൻ തെളിഞ്ഞു. മുഖ്യമന്ത്രിയായ സർബാനന്ദ് സൊനോവാളിനൊപ്പം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി കൺവീനറായി തെരെഞ്ഞടുക്കപ്പെട്ടു. 2016 നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയെ വിജയത്തിലെത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.