ബാബരി മസ്ജിദിൻ്റെ പുനർനിർമാണം തടയാൻ ബി.ജെ.പിക്ക് 400 സീറ്റ് വേണമെന്ന് ഹിമന്ത ബിശ്വ ശർമ
text_fieldsദിസ്പൂർ: ബാബരി മസ്ജിദിൻ്റെ പുനർനിർമാണം തടയാൻ ബി.ജെ.പിയെ 400 സീറ്റുകളിൽ വിജയിപ്പിക്കണമെന്ന് അഭ്യർഥിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. അയോധ്യയിലെ രാമക്ഷേത്രത്തിന് പകരം ബാബരി മസ്ജിദ് പുനർനിർമിക്കാൻ കോൺഗ്രസിന് കഴിയുമെന്ന് ഹിമന്ത ബിശ്വ ശർമ പറഞ്ഞു. ഒഡീഷയിലെ മൽക്കൻഗിരിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അസം മുഖ്യമന്ത്രി.
"എന്തുകൊണ്ടാണ് 400 സീറ്റുകൾ വേണമെന്ന് പറയുന്നതെന്ന് ആളുകൾ ഞങ്ങളോട് ചോദിക്കുന്നു. രാമക്ഷേത്രത്തിന് പകരം ബാബരി മസ്ജിദ് പുനർനിർമിക്കാൻ കോൺഗ്രസിന് കഴിയുമെന്നതിനാൽ ബാബരി മസ്ജിദ് ഒരിക്കലും ഇന്ത്യയിൽ പുനർനിർമിക്കില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾക്ക് 400 സീറ്റുകൾ വേണം. അതുകൊണ്ടാണ് മോദിക്ക് 400-ലധികം സീറ്റുകൾ നൽകി അദ്ദേഹത്തെ പ്രധാനമന്ത്രിയാക്കേണ്ടത്" -ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
രാമക്ഷേത്രത്തിൽ തങ്ങൾ നിർത്താൻ പോകുന്നില്ലെന്ന് കോൺഗ്രസിന് അറിയാമെന്നും രാജ്യത്തെ എല്ലാ ക്ഷേത്രങ്ങളും വിട്ടുതരണമെന്നും തങ്ങളുടെ അജണ്ട ദൈർഘ്യമേറിയതാണെന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരാതിരിക്കാനും ബി.ജെ.പിക്ക് 400 സീറ്റ് വേണമെന്ന് ഹിമന്ത ബിശ്വ ശർമ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.