ഹിമന്ത അഴിമതിക്കാരനായ മുഖ്യമന്ത്രി -രാഹുൽ
text_fieldsഗുവാഹതി: രാജ്യത്തെ ഏറ്റവും അഴിമതിക്കാരനായ മുഖ്യമന്ത്രിമാരിലൊരാളാണ് ഹിമന്ത ബിശ്വ ശർമയെന്ന് രാഹുൽ ഗാന്ധി. ന്യായ് യാത്രയുടെ ഭാഗമായി നടത്തിയ വാർത്തസമ്മേളനത്തിലാണ് ഹിമന്തക്കെതിരെ രാഹുൽ ആഞ്ഞടിച്ചത്.
അസമിലെ ജനങ്ങളുമായി ഇടപഴകിയപ്പോഴെല്ലാം രൂക്ഷമായ തൊഴിലില്ലായ്മയെക്കുറിച്ചും അഴിമതിയെക്കുറിച്ചും വിലക്കയറ്റത്തെക്കുറിച്ചുമാണ് പരാതി പറഞ്ഞത്. തൊഴിലില്ലാതെ യുവാക്കളും ഉൽപന്നങ്ങൾക്ക് വില ലഭിക്കാതെ കർഷകരും കഷ്ടപ്പെടുകയാണ്.
ന്യായ് യാത്ര തടസ്സപ്പെടുത്താൻ മുഖ്യമന്ത്രി നടത്തുന്ന നീക്കങ്ങൾ തിരിച്ചടിക്കുകയാണെന്നും യാത്രക്ക് വൻ പ്രചാരണമാണ് ലഭിക്കുന്നതെന്നും രാഹുൽ പറഞ്ഞു.
ന്യായ് യാത്ര ഗുവാഹതിയിലും തടഞ്ഞു; സംഘർഷം
ഗുവാഹതി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി നേതൃത്വം നൽകുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹതി നഗരത്തിൽ പ്രവേശിക്കുന്നത് തടഞ്ഞതിനെ തുടർന്ന് സംഘർഷം. മുദ്രാവാക്യം വിളികളുമായി ബാരിക്കേഡുകൾ മറികടന്ന പ്രവർത്തകർ പൊലീസുമായി ഏറ്റുമുട്ടി. ജനക്കൂട്ടത്തെ പ്രകോപിപ്പിച്ചതിന് രാഹുൽ ഗാന്ധിക്കെതിരെ കേസെടുക്കാൻ അസം ഡി.ജി.പിക്ക് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിർദേശം നൽകി. ബാരിക്കേഡുകൾ മറികടന്നെങ്കിലും നിയമം കൈയിലെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് രാഹുൽ പ്രതികരിച്ചു.
ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ന്യായ് യാത്രക്ക് നഗര പ്രവേശനം നിഷേധിച്ചതെന്ന് നേരത്തേ മുഖ്യമന്ത്രി അറിയിച്ചിരുന്നു. യാത്ര തടയാൻ രണ്ടിടത്ത് ബാരിക്കേഡുകളുമായി വൻ പൊലീസ് സംഘത്തെയും വിന്യസിച്ചിരുന്നു. യാത്രയെ സ്വീകരിക്കാൻ ആയിരങ്ങളാണ് ഗുവാഹതി ചൗക്കിൽ ഒത്തുകൂടിയിരുന്നത്. രാഹുൽ എത്തിയപ്പോൾ ബാരിക്കേഡുകൾ മറികടന്ന് മുന്നോട്ടുപോകാൻ ശ്രമിച്ചപ്പോഴാണ് സംഘർഷമുണ്ടായത്.
കോൺഗ്രസ് പ്രവർത്തകർ ഭീരുക്കളല്ലെന്നും അടുത്ത തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ പരാജയപ്പെടുത്തി ഭരണം പിടിച്ചെടുക്കുമെന്നും പ്രവർത്തകരെ അഭിസംബോധന ചെയ്ത രാഹുൽ പറഞ്ഞു. എന്നാൽ, കോൺഗ്രസിന്റേത് നക്സലൈറ്റ് സമരമുറയാണെന്നും അംഗീകരിക്കാനാകില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാഹുലിനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകിയത്. പ്രവർത്തകരുടെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റതായും അദ്ദേഹം ആരോപിച്ചു.
അതേസമയം, മേഘാലയയിലെ സ്വകാര്യ സർവകലാശാല വിദ്യാർഥികളുമായി നടത്താൻ നിശ്ചയിച്ചിരുന്ന രാഹുലിന്റെ കൂടിക്കാഴ്ചക്ക് അധികൃതർ അവസാന നിമിഷം അനുമതി നിഷേധിച്ചതും വിവാദമായി. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ നിർദേശപ്രകാരം അസം മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടാണ് അനുമതി നിഷേധിച്ചതെന്ന് ന്യായ് യാത്ര ബസിൽനിന്ന് വിദ്യാർഥികളോട് സംസാരിക്കവെ രാഹുൽ ആരോപിച്ചു. ന്യായ് യാത്രക്കിടെ സംസ്ഥാന കോൺഗ്രസ് പ്രസിഡന്റ് ഭുപൻ ബോറ ഉൾപ്പെടെയുള്ളവർക്കു നേരെയുണ്ടായ അതിക്രമങ്ങളിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് അസം ഗവർണർ ഗുലാബ് ചന്ദ് കഠാരിയക്ക് പ്രതിപക്ഷ നേതാവ് ദേബബ്രത സൈകിയ കത്ത് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.