രണ്ട് കോൺഗ്രസ് എം.എൽ.എമാർ അസം സർക്കാറിന് പിന്തുണ അറിയിച്ചുവെന്ന് ഹിമന്ത ബിശ്വ ശർമ്മ
text_fieldsഗുവഹാത്തി: രണ്ടു കോൺഗ്രസ് എം.എൽ.എമാർ സംസ്ഥാനത്തെ ബി.ജെ.പി സർക്കാറിന് പിന്തുണ അറിയിച്ചുവെന്ന് അവകാശപ്പെട്ട് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ . കമലാഖ്യ ഡേ പുർകായസ്ത, ബസന്ത ദാസ് എന്നിവരാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും ഇരുവരും പ്രതിപക്ഷ എം.എൽ.എമാരായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ് വർക്കിങ് പ്രസിഡന്റായിരുന്ന പുർകായസ്ത ചൊവ്വാഴ്ചയാണ് സ്ഥാനം രാജിവെച്ചത്. തരുൺ ഗോഗോയ് സർക്കാരിൽ മന്ത്രിയായിരുന്നു ബസന്ത ദാസ്. ഇരുവരെയും നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ ഹിമന്ത ബിശ്വ ശർമ്മ സ്വീകരിച്ചു. അതേസമയം, രണ്ട് എം.എൽ.എമാരുടെയും പ്രതികരണം ലഭ്യമായിട്ടില്ല. നേരത്തെ, മറ്റ് രണ്ട് കോൺഗ്രസ് എം.എൽ.എമാരായ ശശി കാന്ത ദാസും സിദ്ദിഖ് അഹമ്മദും സർക്കാറിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
126 അംഗ അസം നിയമസഭയിൽ ബി.ജെ.പിക്ക് 61 എം.എൽ.എമാരാണുള്ളത്. പാർട്ടിയുടെ സഖ്യകക്ഷിയായ യു.പി.പി.എല്ലിന് ഏഴ് എം.എൽ.എമാരും എ.ജി.പിക്ക് ഒമ്പത് എം.എൽ.എമാരുമുണ്ട്. പ്രതിപക്ഷത്ത് കോൺഗ്രസിന് 27 എം.എൽ.എമാരുണ്ട്. എ.ഐ.യു.ഡി.എഫിന് 15 അംഗങ്ങളും ബി.പി.എഫിന് മൂന്ന് അംഗങ്ങളും സി.പി.എമ്മിന് ഒരംഗവും ഉണ്ട്. ഒരു സ്വതന്ത്ര എം.എൽ.എയും സഭയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.