കശ്മീർ ഫയൽസ്: ഹിന്ദുക്കളെ അധിക്ഷേപിക്കാൻ കെജരിവാളിന് അവകാശമില്ലെന്ന് ഹിമന്ത ബിശ്വശർമ
text_fieldsഗുവാഹത്തി: 'കശ്മീർ ഫയൽസ്' സിനിമ വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെതിരെ രൂക്ഷ വിമർശനവുമായി അസം മുഖ്യമന്ത്രി ഹിമന്ത് ബിശ്വശർമ. കെജരിവാളിന് ഹിന്ദു സമൂഹത്തെ അപമാനിക്കാൻ ഒരു അവകാശവും ഇല്ലെന്നും ബിശ്വശർമ പറഞ്ഞു. നേരത്തേ പല സിനിമകൾക്ക് ടാക്സ് ഇളവ് നൽകിയ കെജരിവാൾ ആ സിനിമകളെയെല്ലാം പ്രോത്സാഹിപ്പിക്കുയായിരുന്നുവെന്നും ബിശ്വശർമ കുറ്റപ്പെടുത്തി.
അരവിന്ദ് കെജരിവാൾ ഡൽഹി നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ 'കശ്മീർ ഫയൽസ്' എന്ന സിനിമയെ ബി.ജെ.പി നേതാക്കൾ പ്രോത്സാഹിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് ഹിമന്ത ബിശ്വശർമയുടെ പ്രതികരണം.
'കശ്മീർ ഫയൽസിനെ ടാക്സിൽ നിന്ന് ഒഴിവാക്കാനോ ഒഴിവാക്കാതിരിക്കാനോ നിങ്ങൾക്ക് അവകാശമുണ്ട്. എന്നാൽ ഞങ്ങളെ അപമാനിക്കാനോ അധിക്ഷേപിക്കാനോ നിങ്ങൾക്ക് അവകാശമില്ല.
നിങ്ങൾക്ക് സൗകര്യമുള്ളത് ചെയ്യാം. എന്നാൽ ഇത്രയും പരസ്യമായി ഹിന്ദുക്കൾക്ക് എതിരായി സംസാരിക്കുന്നത് ശരിയല്ല.' - ബിശ്വശർമ പറഞ്ഞു.
'അരവിന്ദ് കെജരിവാൾ പല സിനിമകൾക്കും ടാക്സ് ഇളവുകൾ നൽകിയിട്ടുണ്ട്. ആ സിനിമകൾ ഒന്നും എന്തുകൊണ്ട് യൂ ട്യൂബിൽ അപ്ലോഡ് ചെയ്തില്ല? എന്തുകൊണ്ടാണ് കശ്മീർ ഫയൽസ് എന്ന സിനിമ മാത്രം യൂ ട്യൂബിൽ അപ് ലോഡ് ചെയ്യണമെന്ന് കെജരിവാൾ ആവശ്യപ്പെടുന്നത്?' - ബിശ്വശർമ ചോദിച്ചു. ഡൽഹി നിയമസഭ ഹിന്ദുക്കളുടെ മുറിവിൽ ഉപ്പു പുരട്ടുകയാണെന്ന് വെള്ളിയാഴ്ച ഹിമന്ത ബിശ്വ ശർമ അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ കശ്മീർ ഫയൽസിന് ബി.ജെ.പി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ നികുതിയിളവ് നൽകിയിരുന്നു. ബോളിവുഡ് സംവിധായകൻ വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ദി കശ്മീർ ഫയൽസ്' എന്ന ചിത്രം കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രമാണെന്ന് അണിയ പ്രവർത്തകർ അവകാശപ്പെടുന്നു. മാർച്ച് 11നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.