ബാബർ, ഔറംഗസേബ്, ജഹാംഗീർ എന്നിവരല്ല ഇന്ത്യ; അമിത് ഷാക്ക് പിന്നാലെ ചരിത്രകാരൻമാരോട് അഭ്യർഥനയുമായി അസം മുഖ്യമന്ത്രി
text_fieldsദിസ്പൂർ: ബാബർ, ഔറംഗസേബ്, ജഹാംഗീർ എന്നിവർ മാത്രമല്ല ഇന്ത്യയെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ലചിത് ബർഫുകൻ, ഛത്രപതി ശിവജി, ഗുരു ഗോവിന്ദ് സിങ്, ദുർഗാദാസ് റാത്തോഡ് എന്നിവരുടെതുകൂടിയാണ് ഇന്ത്യയെന്നും ചരിത്രകാരൻമാർ പുതിയ രീതിയിൽ ചരിത്രത്തെ സമീപിക്കണമെന്നും ബിശ്വ ശർമ പറഞ്ഞു. അഹോം രാജവംശത്തിന്‍റെ സൈനിക മേധാവി ലചിത് ബർഫുകന്‍റെ 400ാം ജന്മവാർഷികത്തിനോടനുബന്ധിച്ച് നടത്തിയ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'എനിക്ക് ചരിത്രകാരൻമാരോട് ഒരു അഭ്യർഥനയുണ്ട്, ഇന്ത്യ എന്നത് ബാബർ, ഔറംഗസേബ്, ജഹാംഗീർ എന്നിവരുടെമാത്രം കഥയല്ല. ലചിത് ബർഫുകൻ, ഛത്രപതി ശിവജി, ഗുരു ഗോവിന്ദ് സിങ്, ദുർഗാദാസ് റാത്തോഡ് എന്നിവരുടെതുകൂടിയാണ്. എല്ലാം ഒരു പുതിയ വെളിച്ചത്തിൽ നമ്മൾ കാണാൻ ശ്രമിക്കണം.'-ബിശ്വശർമ പറഞ്ഞു.
അറിയപ്പെടാതെ പോയ വീരനായകരെ വെളിച്ചത്തുകൊണ്ടുവരാൻ സർക്കാർ മാത്രം പ്രവർത്തിച്ചാൽ മതിയാകില്ലെന്നും ജനങ്ങളും ചരിത്രകാരൻമാരും അതിനായി ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. ലചിത് ബർഫുകാന്‍റെ ധീരതകാരണമാണ് മുഗൾ ചക്രവർത്തി ഔറംഗസേബിനെ പ്രതിരോധിക്കാൻ അസമിന് കഴിഞ്ഞതെന്നും അസം മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസം, ഇന്ത്യൻ പശ്ചാത്തലത്തിൽ ചരിത്രം മാറ്റിയെഴുതാൻ ചരിത്രകാരൻമാരോട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ചരിത്രത്തെ ശരിയായ രീതിയിലാക്കി മാറ്റണമെന്ന് പറഞ്ഞ ഷാ ഇത്തരം ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ പിന്തുണ നൽകുമെന്നും അറിയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.