ഹിൻഡൻബർഗ് അലകൾ അടങ്ങിയിട്ടില്ല
text_fieldsയു.എസ് ആസ്ഥാനമായ ഓഹരി വിപണി ഗവേഷണ, ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച് കഴിഞ്ഞയാഴ്ച പുറത്തുവിട്ട റിപ്പോർട്ട് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയില്ല. 2023 ജനുവരി 27ന് അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹിൻഡൻബർഗ് റിപ്പോർട്ട് പ്രകമ്പനം സൃഷ്ടിച്ചിരുന്നു. ഒറ്റ ദിവസംകൊണ്ട് ഗൗതം അദാനിയുടെ ആസ്തി മൂല്യത്തിൽ 1.7 ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. റിപ്പോര്‍ട്ട് പുറത്തുവന്ന് ഒരു മാസത്തിനിടെ 12 ലക്ഷം കോടി രൂപയുടെ മൂല്യശോഷണമാണ് അദാനി ഗ്രൂപ് ഓഹരികളിൽ ഉണ്ടായത്. അദാനി ഗ്രൂപ്പിലെ പല ഓഹരികളും 50 മുതല്‍ 75 ശതമാനം വരെ മൂല്യത്തകര്‍ച്ച നേരിട്ടു. ലോക സമ്പന്നരുടെ പട്ടികയിൽ ഗൗതം അദാനി ഏറെ പിറകിലായി. മൊത്തം സൂചികയിലും കനത്ത ഇടിവിന് ഈ റിപ്പോർട്ട് കാരണമായി.
വിദേശത്ത് കടലാസ് കമ്പനികള്‍ തുടങ്ങി അദാനി ഗ്രൂപ് കമ്പനികളിലെ ഓഹരികളില്‍ നിക്ഷേപം നടത്തിയെന്നും അതുവഴി കൃത്രിമമായി ഓഹരി വില ഉയർത്തിയെന്നുമായിരുന്നു അന്നത്തെ ആരോപണം. വില പെരുപ്പിച്ച ഓഹരികളുടെ ഈടിൽ വൻതോതിൽ ബാങ്ക് വായ്പയെടുത്തതായും ആരോപിച്ചു. മൊറീഷ്യസ്, യു.എ.ഇ, കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചുള്ള ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമം കാണിച്ചതെന്ന് 129 പേജുള്ള റിപ്പോര്‍ട്ടിൽ ചൂണ്ടിക്കാട്ടി. അദാനി ഗ്രൂപ്പിലെ ഏഴ് ലിസ്റ്റഡ് കമ്പനികളുടെ ഓഹരി വ്യാപാര മൂല്യം 85 ശതമാനത്തോളം ഉയർന്നാണ് നിൽക്കുന്നതെന്നാണ് ഹിൻഡൻബർഗ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, സുപ്രീംകോടതിയും ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സെബിയും ഹിൻഡൻബർഗിനെ തള്ളിയതോടെ അദാനി ഓഹരികളിൽ ശക്തമായ തിരിച്ചുവരവുണ്ടായി.
അതിനിടെയാണ് കഴിഞ്ഞയാഴ്ച ഹിൻഡൻബർഗ് വീണ്ടും വെടിപൊട്ടിച്ചത്. അദാനി ഗ്രൂപ്പിന്റെ വിദേശത്തെ കടലാസ് കമ്പനികളിൽ സെബി ചെയർപേഴ്സൻ മാധബി ബുച്ചിനും ഭർത്താവിനും നിക്ഷേപമുണ്ടെന്നും ഈ അവിശുദ്ധ കൂട്ടുകെട്ട് കാരണമാണ് അദാനിക്കെതിരായ ആരോപണങ്ങളിൽ നടപടി ഇല്ലാതിരുന്നതെന്നും ഹിൻഡൻബർഗ് രണ്ടാമത്തെ വെളിപ്പെടുത്തലിൽ ആരോപിച്ചു. ഹിൻഡൻബർഗ് റിപ്പോർട്ടിനേക്കാൾ സെബിയുടെ വിശദീകരണമാണ് നിക്ഷേപകർ മുഖവിലക്കെടുത്തത്. വിപണി വീഴാതിരിക്കാൻ ശക്തമായ ഇടപെടലുകളും കോർപറേറ്റ് സഹകരണവും ഉണ്ടായിട്ടുണ്ടെന്നും അനുമാനിക്കുന്നു.
എന്നാൽ, വിപണിയിലെ പ്രതിഫലനത്തിനപ്പുറം ഇന്ത്യയിലെ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സർക്കാർ ഏജൻസിയുടെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നതാണ് പുതിയ ആരോപണം. സെബി ചെയർപേഴ്സനെതിരായ ചില ആരോപണങ്ങൾക്ക് നൽകപ്പെട്ട വിശദീകരണം തൃപ്തികരമല്ല. ഒന്നും അവസാനിച്ചിട്ടില്ലെന്നും മാധബി ബുച്ചിന് സ്ഥാനമൊഴിയേണ്ടി വരുമെന്നുമാണ് അകത്തള വർത്തമാനം. പ്രതിപക്ഷം വിഷയം വിടാതെ പിന്തുടരുന്നു. വിഷയത്തിൽ സംയുക്ത പാർലമെന്റ് സമിതി അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് സമരത്തിനുള്ള തയാറെടുപ്പിലാണ്. മാധബിക്ക് തുടരാൻ അർഹതയില്ലെന്നാണ് മുൻ കേന്ദ്ര ധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് കഴിഞ്ഞ ദിവസം പറഞ്ഞത്. തട്ടിപ്പിന് ദേശീയത കൊണ്ട് മറപിടിക്കേണ്ടെന്നുപറഞ്ഞ് ഹിൻഡൻബർഗും അദാനിയുടെയും സെബി ചെയർപേഴ്സന്റെയും പിന്നാലെ തന്നെയുണ്ട്.
മാധബി ബുച്ച് സെബിയുടെ മുഴുസമയ അംഗമായ സമയത്ത് ഭർത്താവ് ധവൽ ബുച്ച് ബഹുരാഷ്ട്ര റിയൽ എസ്റ്റേറ്റ്, ഫിനാൻഷ്യൽ കമ്പനിയായ ബ്ലാക്ക്സ്റ്റോണിന്റെ മുതിർന്ന ഉപദേശകനായി നിയമിക്കപ്പെട്ടു. റിയൽ എസ്റ്റേറ്റ്, കാപിറ്റൽ മാർക്കറ്റ് രംഗത്ത് മുൻപരിചയം ഇല്ലാതിരിക്കെയാണ് നിയമനം. ഇതിന് ശേഷം റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ സെബി വരുത്തിയ ഇളവുകൾ ബ്ലാക്ക് സ്റ്റോണിന് ഏറെ പ്രയോജനപ്പെടുന്നവയായിരുന്നു.
സെബി അംഗവും മേധാവിയുമായിരിക്കെ മാധബി ബുച്ച് ചട്ടം ലംഘിച്ച് മറ്റൊരു കമ്പനിയിൽനിന്ന് വരുമാനം നേടിയെന്ന് രജിസ്ട്രാർ ഓഫ് കമ്പനീസിൽനിന്നുള്ള രേഖകൾ അധിഷ്ഠിതമാക്കി വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. 2017ലാണ് മാധബി സെബി അംഗമാകുന്നത്. 2022 മാർച്ചിൽ ചെയർപേഴ്സനായി. മാധബി ബുച്ചിന് 99 ശതമാനം ഓഹരി പങ്കാളിത്തമുള്ള അറോറ അഡ്വൈസറി എന്ന സ്ഥാപനം കഴിഞ്ഞ ഏഴുവർഷത്തിനിടെ 3.1 കോടി രൂപ വരുമാനമുണ്ടാക്കി. മറ്റൊരു സിംഗപ്പൂർ കൺസൽട്ടൻസി സ്ഥാപനമായ അറോറ പാർട്ണേഴ്സിലെ ഓഹരി സെബി മേധാവിയായി ചുമതലയേറ്റ് രണ്ടാഴ്ചക്കകം മാധബി ഭർത്താവിന് കൈമാറി. എന്നാൽ, ഇന്ത്യൻ കമ്പനിയായ അറോറ അഡ്വൈസറിയിലെ പങ്കാളിത്തം തുടർന്നു. സെബി തലപ്പത്തുള്ളവർക്ക് മറ്റു ജോലികളിലൂടെ വരുമാനമുണ്ടാക്കാൻ പാടില്ല എന്നാണ് ചട്ടം. ഇത് ലംഘിച്ചുവെന്ന് രേഖകൾ സഹിതമുള്ള ആരോപണത്തിന് വ്യക്തമായ വിശദീകരണം നൽകാനാകാതെ എത്രനാൾ മാധബി പിടിച്ചുനിൽക്കുമെന്ന് കണ്ടറിയണം. സർക്കാറും സർക്കാർ ഏജൻസികളും അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിക്കുന്നു എന്ന ആരോപണം പുതിയതല്ല. മൊത്തം നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കേണ്ട സർക്കാർ ഏജൻസി ചില കോർപറേറ്റുകളുടെ സ്വന്തക്കാരാണ് എന്ന ആരോപണം സത്യമെങ്കിൽ അത് നിസ്സാരമല്ല. സർക്കാർ തന്നെയും അദാനിക്കും അംബാനിക്കും വഴിവിട്ട് സഹായം ചെയ്യുന്നുവെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
ഷോർട്ട് സെല്ലിങ്
ഭാവിയിൽ ഓഹരി വില കുറയുമെന്ന പ്രതീക്ഷയിൽ കൈവശമില്ലാത്ത ഓഹരികൾ ബ്രോക്കറിൽനിന്ന് വായ്പ പോലെ വാങ്ങി ഇന്നത്തെ വിലക്ക് വിൽക്കുകയും മുൻനിശ്ചയിക്കപ്പെട്ട തീയതിക്കുള്ളിൽ അതേ എണ്ണം ഓഹരികൾ വാങ്ങിനൽകുകയും ചെയ്യുന്നതാണ് ഷോർട്ട് സെല്ലിങ്. വ്യക്തികൾക്കും നിക്ഷേപ സ്ഥാപനങ്ങൾക്കും ഇത് നിയമാനുസൃതമായി തന്നെ ചെയ്യാൻ കഴിയും. ഓഹരി വില കുറഞ്ഞാലും കൂടിയാലും ആദ്യം വിറ്റ അത്ര എണ്ണം ഓഹരി നിശ്ചിത സമയത്തിനകം വാങ്ങണം. വിൽക്കുന്ന വിലയും വാങ്ങുന്ന വിലയും തമ്മിലുള്ള വ്യത്യാസമാണ് ലാഭം. വില കുറഞ്ഞാൽ ലാഭം, കൂടിയാൽ നഷ്ടം. ഷോർട്ട് സെൽ രീതിയിൽ ഓഹരി വാങ്ങിവെക്കുകയും പിന്നീട് വിലയിടിക്കുന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവിടുകയുമാണ് ഹിൻഡൻബർഗ് ചെയ്യുന്നത്. അത്തരം അവസരങ്ങൾ കണ്ടെത്താൻ അവർ നന്നായി ഗവേഷണം നടത്തുന്നു.
ഹിൻഡൻബർഗ് റിസർച്
നഥാൻ ആൻഡേഴ്സൺ എന്ന യുവാവ് 2017ൽ യു.എസിൽ ആരംഭിച്ച സ്ഥാപനമാണ് ഹിൻഡൻബർഗ് റിസർച്. ഓഹരിവിപണികളിലെ തട്ടിപ്പ് കണ്ടെത്തി വിശദമായ റിപ്പോർട്ട് പുറത്തുവിടുകയാണ് കമ്പനി ചെയ്യുന്നത്. അതിനുമുമ്പ് അതേ കമ്പനിയുടെ ഓഹരി ഷോർട്ട് സെൽ ചെയ്ത് ലാഭമുണ്ടാക്കുന്നതാണ് ഹിൻഡൻബർഗിന്റെ ബിസിനസ് മോഡൽ. 2020 സെപ്റ്റംബറിൽ ഇലക്ട്രിക് കാർ നിർമാതാക്കളായ നിക്കോള കോർപറേഷനെതിരെ പുറത്തുവിട്ട റിപ്പോർട്ടാണ് ഹിൻഡൻബർഗിനെ ശ്രദ്ധേയമാക്കിയത്. പിന്നീട് വിവിധ രാജ്യങ്ങളിൽ ഓഹരി വിപണിയെ പിടിച്ചുകുലുക്കിയ നിരവധി റിപ്പോർട്ടുകൾ ഹിൻഡൻബർഗ് പുറത്തുവിട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.