കോൺഗ്രസിനു പിന്നാലെ സെബി മേധാവിക്കെതിരെ ഹിൻഡൻബർഗിന്റെ പുതിയ ആക്രമണം
text_fieldsന്യൂഡൽഹി: മാർക്കറ്റ് റെഗുലേറ്ററിന്റെ മുഴുസമയ അംഗമായിരിക്കെതന്നെ സെബി മേധാവി നിരവധി കമ്പനികളിൽനിന്ന് ശമ്പളമായി പണം വാങ്ങിയെന്ന് കോൺഗ്രസ് ഉന്നയിച്ച ആരോപണം ഏറ്റെടുത്ത് മാധബി പുരി ബുച്ചിനെതിരെ ഹിൻഡൻബർഗിന്റെ പുതിയ ആക്രമണം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിൽ പോസ്റ്റുമായാണ് ഹിൻഡൻബർഗ് അവർക്കെതിരെ വീണ്ടും രംഗത്തുവന്നത്.
‘സെബി ചെയർ മാധബി ബുച്ചിന്റെ 99 ശതമാനം ഉടമസ്ഥതയിലുള്ള സ്വകാര്യ കൺസൾട്ടിങ് സ്ഥാപനം അവർ സെബിയെ നിയന്ത്രിക്കുന്ന മുഴുസമയ അംഗമായിരുന്ന സമയത്ത് ഒന്നിലധികം ലിസ്റ്റഡ് കമ്പനികളിൽനിന്ന് പണം സ്വീകരിച്ചുവെന്ന് പുതിയ ആരോപണം ഉയർന്നുവന്നിരിക്കുന്നു’ എന്നായിരുന്നു അത്. ഈ കമ്പനികളിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഐ.സി.ഐ.സി.ഐ ബാങ്ക്, ഡോ. റെഡ്ഡീസ്, പിഡിലൈറ്റ് എന്നിവ ഉൾപ്പെടുന്നുവെന്നും പോസ്റ്റിൽ പറയുന്നു. ഈ ആരോപണങ്ങൾ ബുച്ചിന്റെ സിംഗപ്പൂർ ആസ്ഥാനമായ കൺസൾട്ടിംഗ് സ്ഥാപനത്തിന് ബാധകമാണെന്നും എന്നാൽ ഉയർന്നുവരുന്ന എല്ലാ പ്രശ്‌നങ്ങളിലും ബുച്ച് ആഴ്‌ചകളോളം പൂർണ നിശബ്ദത പാലിക്കുകയാണെന്നും ഹിൻഡൻബർഗ് കൂട്ടിച്ചേർത്തു.
തങ്ങളുടെ ആവശ്യത്തിനായി ധവാൽ ബുച്ചിന്റെ സേവനം വാടകക്കെടുത്തതായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, പിഡിലൈറ്റ് ഇൻഡസ്ട്രീസ് എന്നിവർ പ്രസ്താവിച്ചിരുന്നു. ധവാലിന്റെ ഭാര്യയായ മാധബിക്കെതിരെ വിരുദ്ധ താൽപര്യങ്ങളുടെ പേരിൽ കോൺഗ്രസ് ആരോപണമുന്നയിച്ചതിനു പിന്നാലെ ആയിരുന്നു ഇത്.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന് കൺസൾട്ടൻസി സേവനങ്ങൾ നൽകുമ്പോൾ സെബി ചെയർപേഴ്‌സൺ മാധബി ബുച്ചിന് ഒരു സ്ഥാപനത്തിൽ 99 ശതമാനം ഓഹരിയുണ്ടായിരുന്നുവെന്നും അതേ ഗ്രൂപ്പിന്റെ കേസുകൾ തീർപ്പാക്കുന്നതിനിടെ അവരുടെ ഭർത്താവിന് 4.78 കോടി രൂപ ആ കമ്പനിയിൽനിന്ന് വരുമാനമായി ലഭിച്ചതായും കോൺഗ്രസ് പുറത്തുവിട്ടു. അഗോറ അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡിന്റെ 99 ശതമാനവും ബുച്ചിന്റെ ഉടമസ്ഥതയിലാണെന്നും ലിസ്‌റ്റഡ് സ്ഥാപനങ്ങളിൽനിന്ന് കാര്യമായ ഫീസ് വാങ്ങുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇത് അറിയാമോയെന്നും കോൺഗ്രസിന്റെ കമ്യൂണിക്കേഷൻസ് ചുമതലയുള്ള ജനറൽ സെക്രട്ടറി ജയറാം രമേശും ചോദിക്കുകയുണ്ടായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.