ഹിന്ദി 25 ഉത്തരേന്ത്യൻ പ്രാദേശിക ഭാഷകളെ തകർത്തുവെന്ന് സ്റ്റാലിൻ
text_fieldsചെന്നൈ: ഹിന്ദി 25 ഉത്തരേന്ത്യൻ പ്രാദേശിക ഭാഷകളെ തകർത്തുവെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഹിന്ദി നിർബന്ധിതമായി അടിച്ചേൽപ്പിച്ചതിനെ തുടർന്നാണ് 100 പ്രാദേശിക ഭാഷകൾ തകർന്നതെന്നും സ്റ്റാലിൻ പറഞ്ഞു. യു.പി, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രാദേശിക ഭാഷകളാണ് തകർന്നത്.
യു.പി, ബിഹാറും ഹിന്ദി ഹൃദയഭൂമിയല്ല. ഹിന്ദി അടിച്ചേൽപ്പിച്ചത് മൂലം ഇവിടത്തെ ഒരുപാട് പ്രാദേശിക ഭാഷകൾ തകർന്നു. ഭോജ്പൂരി, മൈതിലി, അവാധി, ബ്രാജ്, ബുൻദേയി, ഗാർവാലി, കുമനോയ് തുടങ്ങിയ നിരവധി ഉത്തരേന്ത്യൻ ഭാഷകൾ ഹിന്ദിയുടെ കടന്നുകയറ്റത്തോടെ തകർന്നുവെന്ന് സ്റ്റാലിൻ ആരോപിച്ചു.
പുതിയ ദേശീയ വിദ്യാഭ്യാസ നയപ്രകാരം മിക്ക സംസ്ഥാനങ്ങളും സംസ്കൃതത്തിനാണ് മുൻഗണന നൽകുന്നത്. ആൻഡമാനിൽ ഒഴികെ മറ്റൊരിടത്തും തമിഴ് പഠിപ്പിക്കുന്നില്ല. കേന്ദ്രീയ വിദ്യാലയങ്ങളിൽ തമിഴ് ഭാഷ അധ്യാപകരില്ല. സ്കൂളിൽ കുറഞ്ഞത് 15 വിദ്യാർഥികളെങ്കിലും തമിഴ് തെരഞ്ഞെടുത്താൽ മാത്രമേ അധ്യാപകരെ നിയമിക്കുവെന്നാണ് കേന്ദ്രസർക്കാർ നിലപാടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പ് മുൻനിർത്തിയാണ് ഡി.എം.കെയുടെ ഹിന്ദി വിമർശനമെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. 2026ലെ തെരഞ്ഞെടുപ്പിന് മുമ്പ് അനുകൂലമായ രാഷ്ട്രീയസാഹചര്യം ഉണ്ടാക്കുന്നതിനായി തമിഴ് രാഷ്ട്രീയനേതാക്കൾ വസ്തുതകൾ വളച്ചൊടിക്കുന്നുവെന്നായിരുന്നു കേന്ദ്രസർക്കാർ വിമർശനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.