വിദ്യാഭ്യാസത്തിനും ജോലിക്കും ഹിന്ദി നിർബന്ധമാക്കാൻ നീക്കം
text_fieldsന്യൂഡൽഹി: രാജ്യത്ത് വിദ്യാഭ്യാസത്തിനും ജോലിക്കും ഹിന്ദി ഭാഷ നിർബന്ധമാക്കാൻ നീക്കം. വിദ്യാലയങ്ങളിലും സർക്കാർ സ്ഥാപനങ്ങളിലും മന്ത്രാലയങ്ങളിലും ആശയവിനിമയം ഹിന്ദിയിലാക്കും. ഇതുൾപ്പെടെ 112 ശിപാർശകൾ ഉൾപ്പെടുത്തി ഔദ്യോഗിക ഭാഷാ പാർലമെന്‍ററികാര്യ സമിതി രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകി. ആഭ്യന്തര മന്ത്രി അമിത് ഷായാണ് സമിതിയുടെ അധ്യക്ഷൻ.
കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള പരീക്ഷ ഹിന്ദിയിലാക്കണമെന്ന് ശിപാർശയിൽ പറയുന്നു. കേന്ദ്രീയ വിദ്യാലയങ്ങൾ, ഐ.ഐ.ടികൾ, കേന്ദ്ര സർവകലാശാലകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിന്ദി നിർബന്ധിത പഠന മാധ്യമമാക്കും. സർക്കാർ റിക്രൂട്ട്‌മെന്റ് പരീക്ഷകളിൽ നിർബന്ധിത ഇംഗ്ലീഷിന് പകരം ഹിന്ദി പേപ്പറുകളാക്കും. ഐക്യരാഷ്ട്രസഭയിൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കും.
"മനപ്പൂർവം ഹിന്ദിയിൽ പ്രവർത്തിക്കാത്ത" സർക്കാർ ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും മുന്നറിയിപ്പും റിപ്പോർട്ടിലുണ്ട്. ഇത്തരക്കാർക്ക് ആദ്യം കാരണം കാണിക്കൽ നോട്ടീസ് നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ അവരുടെ വാർഷിക റിപ്പോർട്ടിൽ ഇക്കാര്യം സൂചിപ്പിക്കും. ജോലികളിൽ ഹിന്ദി പ്രാവീണ്യമുള്ളവർക്ക് പ്രത്യേകം അലവൻസ് നൽകാനും സമിതി ശിപാർശ ചെയ്യുന്നു.
ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലെ ഹൈകോടതി മുതൽ കീഴ്കോടതികൾ വരെയുള്ള മറ്റു കോടതികൾ, ഔദ്യോഗിക രേഖകൾ എന്നിവയെല്ലാം ഹിന്ദിയിലേക്ക് മാറ്റണം -എന്നിവയാണ് ഭാഷാ സമിതിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിലെ ചില ശിപാർശകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.