ഹിന്ദി അടിച്ചേൽപ്പിക്കൽ: കേന്ദ്രത്തിനെതിരെ മഹാരാഷ്ട്ര നവനിർമാൺ സേനയും
text_fieldsമുംബൈ: ഹിന്ദി നിർബന്ധമാക്കുന്ന കേന്ദ്ര സർക്കാറിൻെറ പുതിയ വിദ്യാഭ്യാസ നയത്തിൻെറ കരടിനെതിരെ മഹാരാഷ്ട്ര നവനിർമാൺ സേനയും രംഗത്ത്. ഹിന്ദി തങ്ങളുടെ മാതൃഭാഷയല്ലെന്നും അത് അടിച്ചേൽപ്പിക്കരുതെന്നും വ്യക്തമാക്കി മഹാരാഷ്ട്ര നവനിർമാൺ സേന (എം.എൻ.എസ്) വക്താവ് അനിൽ ഷിഡോർ ട്വിറ്ററിലൂടെയാണ് രംഗത്തെത്തിയത്.
ദേശീയ വിദ്യാഭ്യാസ നയത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. തമിഴരുടെ രക്തത്തില്‍ ഹിന്ദിയ്ക്ക് യാതൊരു സ്ഥാനവുമില്ലെന്ന് ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദി അടിച്ചേൽപ്പിക്കാൻ ശ്രമിച്ചാൽ പ്രതിഷേധത്തിനിറങ്ങുമെന്നും അത് തേനീച്ചക്കൂട്ടിൽ കല്ലെറിയുന്നതിന് തുല്ല്യമാകുമെന്നും സ്റ്റാലിൻ മുന്നറിയിപ്പ് നൽകിയിരുന്നു.
സ്കൂളുകളിൽ ഹിന്ദി വിദ്യാഭ്യാസം നിർബന്ധമാക്കുന്നതടക്കമുള്ള നിർദേശങ്ങളടങ്ങിയ പുതിയ കരട് കഴിഞ്ഞ ദിവസം സർക്കാരിന് കൈമാറിയിരുന്നു. കരട് മാത്രമാണ് ലഭിച്ചതെന്നും ഒരു ഭാഷയും അടിച്ചേൽപ്പിക്കാൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊക്രിയാൽ വ്യക്തമാക്കിയിരുന്നു.
പുതിയ വിദ്യാഭ്യാസ നയം 2014 ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.ഡി.എയുടെ വാഗ്ദാനങ്ങളിലൊന്നായിരുന്നു. 2016ൽ സ്മൃതി ഇറാനി മാനവ വിഭവശേഷി മന്ത്രിയായിരിക്കെയാണ് നയ രൂപീകരണത്തിന് സമിതിയെ നിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.