‘ഹിന്ദിമാത്രമറിയാവുന്നവർ തമിഴ്നാട്ടിൽ കക്കൂസ് കഴുകുന്നു’; ദയാനിധിയുടെ പ്രസംഗം വിവാദം; വ്യാപക വിമർശനം
text_fieldsപട്ന: ഹിന്ദിമാത്രം അറിയാവുന്നവർ തമിഴ്നാട്ടിൽ കക്കൂസ് കഴുകുകയാണെന്ന ഡി.എം.കെ എം.പി ദയാനിധി മാരന്റെ പ്രസംഗം വിവാദത്തിൽ. പരാമർശത്തിനെതിരെ രൂക്ഷ പ്രതികരണവുമായി ബിഹാർ ഉപമുഖ്യമന്ത്രിയും ആർ.ജെ.ഡി നേതാവുമായ തേജസ്വി യാദവ് രംഗത്തെത്തി. ‘ഈ രാജ്യം ഒന്നാണ്. ഞങ്ങൾ മറ്റ് സംസ്ഥാനങ്ങളിലുള്ളവരെ ബഹുമാനിക്കുന്നു. തിരിച്ചും അതാണ് പ്രതീക്ഷിക്കുന്നത്. ഇത്തരം പരാമർശങ്ങൾ ഏതു പാർട്ടിയിലെ നേതാക്കളായാലും ഒഴിവാക്കേണ്ടതാണ്. ഇത് അപലപനീയമാണ്’ -തേജസ്വി യാദവ് പ്രതികരിച്ചു.
ഇംഗ്ലീഷ് പഠിച്ചതുകൊണ്ട് തമിഴ്നാട്ടിലുള്ളവർക്ക് ഐ.ടി മേഖലയിലൊക്കെ ജോലികിട്ടി. അവർ ഹിന്ദി ഹിന്ദി എന്ന് പറഞ്ഞുകൊണ്ടിരിക്കുകയാണ്. ഹിന്ദിമാത്രം അറിയാവുന്ന ബിഹാറികളും യു.പിക്കാരും തമിഴ്നാട്ടിൽ കെട്ടിടങ്ങൾ നിർമിക്കുകയും റോഡുകൾ വൃത്തിയാക്കുകയും കക്കൂസുകൾ കഴുകുകയും ചെയ്യുകയാണ് എന്നിങ്ങനെയായിരുന്നു ദയാനിധിയുടെ പ്രസംഗം.
കഴിഞ്ഞ മാർച്ചിൽ നടത്തിയ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ദയാനിധിയുടെ പ്രസംഗം ഇൻഡ്യ മുന്നണിക്കെതിരെ രാഷ്ട്രീയ ആയുധമായി ഉപയോഗിച്ച് ബി.ജെ.പിയും രംഗത്തെത്തി. ഡി.എം.കെ നേതാക്കൾ ഇത്തരം പരാമർശങ്ങൾ പതിവാക്കിയിരിക്കുകയാണെന്നും സനാതന ധർമത്തെ ആക്രമിച്ചവരാണെന്നും ഇൻഡ്യ മുന്നണിയിലുള്ള കോൺഗ്രസ് നേതാക്കൾ അടക്കം ഇതിന് പിന്തുണ നൽകുകയാണെന്നും ബി.ജെ.പി വക്താവ് ഷഹ്സാദ് പൂനേവാല കുറ്റപ്പെടുത്തി. അതേസമയം, ദയാനിധി മാരൻ പറയാത്ത കാര്യങ്ങളാണ് ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്ന് ഡി.എം.കെ വക്താവ് ജെ. കോൺസ്റ്റന്റീൻ രവീന്ദ്രൻ പറഞ്ഞു. ഇംഗ്ലീഷ് ഭാഷ അറിയാവുന്നവർക്ക് ലഭിക്കുന്ന തൊഴിൽ സാധ്യത സംബന്ധിച്ച് മാരൻ മാസങ്ങൾക്കുമുമ്പ് പറഞ്ഞ കാര്യങ്ങളാണ് ദുഷ്ടലാക്കോടെ ബി.ജെ.പി പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.