മൂന്നാം ഭാഷയായി ഹിന്ദി കേന്ദ്രത്തിനെതിരെ കർണാടകയിലും പ്രതിഷേധം
text_fieldsബംഗളൂരു: പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിെൻറ ഭാഗമായി പാഠ്യപദ്ധതിയിൽ ത്രിഭാഷ പദ്ധതി നടപ്പാക്കാനുള്ള തീരുമാനത്തിനെതിരെ തമിഴ്നാടിന് പിന്നാലെ കർണാടകയിലും പ്രതിഷേധം. ഡോ. കസ്തൂരി രംഗൻ സമിതി സമർപ്പിച്ച ദേശീയ വിദ്യാഭ്യാസ നയത്തിെൻറ കരട് റിപ്പോർട്ടിലെ ത്രിഭാഷ നിർദേശം ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി അടിച്ചേൽപിക്കാനുള്ള നീക്കമാണെന്നാണ് കർണാടകയിലെ നേതാക്കളും ഭാഷ ആക്ടിവിസ്റ്റുകളും കന്നട സംഘടനകളും ആരോപിക്കുന്നത്.
പ്രാദേശിക ഭാഷകളെ അപ്രധാനമാക്കുന്ന തീരുമാനം കേന്ദ്രം പിൻവലിക്കണമെന്നാണ് ആവശ്യം. ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള തീരുമാനത്തിനെതിരെ കഴിഞ്ഞവർഷം ദേശീയ മുന്നേറ്റം നടത്തിയ ഭാഷ ആക്ടിവിസ്റ്റുകൾ വീണ്ടും പ്രതിഷേധം ശക്തമാക്കാൻ ഒരുങ്ങുകയാണ്. എല്ലാ പ്രാദേശിക ഭാഷകൾക്കും കേന്ദ്ര സർക്കാറിെൻറ ഒൗദ്യോഗിക ഭാഷകൾക്കൊപ്പം ഒരേ പരിഗണന നൽകണമെന്നാണ് ഇവരുടെ ആവശ്യം. പ്രാദേശിക ഭാഷകൾക്ക് വേണ്ടത്ര പരിഗണന നൽകണമെന്നാവശ്യപ്പെട്ട് ജൂൺ 15ന് ബംഗളൂരു ലാൽ ബാഗിലെ ഗ്ലാസ് ഹൗസിൽ അഖിലേന്ത്യ സമ്മേളനം സംഘടിപ്പിക്കും. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളും പങ്കെടുക്കും.
ബുധനാഴ്ച കന്നട രക്ഷണ വേദികെയുടെ ആഭിമുഖ്യത്തിൽ ബംഗളൂരുവിൽ പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. കാലങ്ങളായി ഹിന്ദിക്കെതിരെ കർണാടകയിൽ എതിർപ്പുയർന്നിട്ടുണ്ട്. മുമ്പ് ബംഗളൂരു നമ്മ മെട്രോയിൽ ഹിന്ദി ബോർഡുകൾ സ്ഥാപിക്കാൻ ഒരുങ്ങിയപ്പോഴും പ്രതിഷേധമുണ്ടായിരുന്നു. മൂന്ന് ഭാഷ നയത്തിെൻറ ഭാഗമായി ഒരു ഭാഷ മാത്രം നിർബന്ധപൂർവം അടിച്ചേൽപിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിഞ്ഞശേഷം സംസ്ഥാനത്തിെൻറ നിലപാട് കേന്ദ്രത്തെ അറിയിക്കുമെന്ന് കർണാടക മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. ഹിന്ദി അടിച്ചേൽപിക്കാനുള്ള ശ്രമത്തിനെതിരെ എല്ലാവരും ഒറ്റക്കെട്ടായി രംഗത്തുവരണമെന്നും ഭാഷ, വെള്ളം, ഭൂമി എന്നിവയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
അതേസമയം, ഒരു ഭാഷ നിർബന്ധമായി പഠിക്കണമെന്ന് വിദ്യാഭ്യാസ നയത്തിെൻറ കരടുരേഖയിൽ പറഞ്ഞിട്ടില്ലെന്നും പ്രാദേശിക ഭാഷക്കും ഇംഗ്ലീഷ് ഭാഷക്കും ഒപ്പം മറ്റേതെങ്കിലും ഇന്ത്യൻ ഭാഷ പഠിക്കണമെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളതെന്നുമാണ് കമ്മിറ്റി അധ്യക്ഷനായ ഡോ. കസ്തൂരി രംഗൻ വ്യക്തമാക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.