ഹരിയാനയിൽ ഹിന്ദുവിഭാഗത്തിന് മഹാപഞ്ചായത്ത് നടത്താൻ അനുമതി നൽകി പൊലീസ്
text_fieldsന്യൂഡൽഹി: ഹരിയാനയിൽ ഹിന്ദുവിഭാഗത്തിന് മഹാപഞ്ചായത്ത് നടത്താൻ അനുമതി നൽകി പൊലീസ്. പൽവാലിൽ മഹാപഞ്ചായത്ത് നടത്താനാണ് അനുമതി. നൂഹിലുണ്ടായ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ച വിശ്വ ഹിന്ദു പരിഷതിന്റെ ബ്രിജ് മണ്ഡൽ ജലാഭിഷേക് യാത്ര പുനഃരാരംഭിക്കുന്നതിനെ കുറിച്ച് ചർച്ച ചെയ്യാനാണ് മഹാപഞ്ചായത്ത്.
നേരത്തെ മഹാപഞ്ചായത്തിനുള്ള അനുമതി നൂഹ് ഭരണകൂടം നിഷേധിച്ചിരുന്നു. തുടർന്ന് പൽവാൽ പൊലീസ്‍ സൂപ്രണ്ടിനെ ഹിന്ദു വിഭാഗം അനുമതിക്കായി സമീപിക്കുകയായിരുന്നു. സർവ ഹിന്ദു സമാജാണ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുന്നത്. നൂഹുമായി അതിർത്തി പങ്കിടുന്ന ഗ്രാമത്തിലാണ് പരിപാടി.
നൂഹിൽ സംഘർഷത്തിന് കാരണമായ വി.എച്ച്.പി യാത്ര ആഗസ്റ്റ് 28നകം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വി.എച്ച്.പി നേതാവ് ദേവേന്ദർ സിങ് പി.ടി.ഐയോട് പ്രതികരിച്ചിരുന്നു. വർഗീയ സംഘർഷം തുടരുന്ന ഹരിയാനയിലെ നൂഹിൽ സ്ഥിതി ഇപ്പോഴും ഗുരുതരമെന്നാണ് സർക്കാർ റിപ്പോർട്ട്.
നൂഹിലെ മൊബൈൽ ഇന്റർനെറ്റ്, എസ്.എം.എസ് സേവനങ്ങൾക്കുള്ള നിരോധനം സംസ്ഥാന സർക്കാർ നീട്ടുകയും ചെയ്തിരുന്നു. വർഗീയ സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 393 പേരാണ് അറസ്റ്റിലായത്. 118 പേരാണ് കരുതൽ തടങ്കലിലുള്ളത്. നുഹ്, ഗുരുഗ്രാം, ഫരീദാബാദ്, പൽവാൽ, റെവാരി, പാനിപ്പത്ത്, ഭിവാനി, ഹിസാർ എന്നിവിടങ്ങളിൽ 160 എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.