വെള്ളിയാഴ്ച പ്രാർഥനക്കിടയിൽ കലാപാഹ്വാനവുമായി സംഘ്പരിവാർ സംഘടനകൾ
text_fieldsഗുരുഗ്രാം: മുസ്ലിംകളുടെ വെള്ളിയാഴ്ച പ്രാർഥനക്കിടയിൽ കലാപാഹ്വാനവുമായി സംഘ്പരിവാർ സംഘടനകൾ. പ്രാർഥന നടക്കുന്നതിനിടയിൽ ലൗഡ്സ്പീക്കറുകളുപയോഗിച്ച് 'ജയ് ശ്രീറാം', 'ഭാരത് മാതാ കീ ജയ്' വിളികളുമായെത്തിയാണ് പ്രാർഥന അലങ്കോലമാക്കാൻ ശ്രമിച്ചത്. ഹരിയാനയിലെ ഗുരുഗ്രാമിലാണ് തീവ്ര ഹിന്ദുത്വ സംഘടനകളായ ബജ്‌റംഗ് ദളിന്‍റെയും വിശ്വഹിന്ദു പരിഷത്തിന്‍റെയും (വി.എച്ച്.പി) പ്രവർത്തകരാണ് കലാപശ്രമവുമായി ഒത്തുകൂടിയത്.
ഗുരുഗ്രാമിലെ സെക്ടർ 12 ലെ ഗ്രൗണ്ടിൽ 150 ഓളം മുസ്‌ലിംകൾ വെള്ളിയാഴ്ച പ്രാർത്ഥന നടത്തുന്നതിനിടെയാണ് തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ ലൗഡ് സ്പീക്കറുകളിൽ ഭജനകൾ ചൊല്ലാൻ തുടങ്ങിയത്. ഇതിന് മുമ്പ് സെക്ടർ 47 ലും സമാനമായ സംഭവങ്ങൾ ഉണ്ടായിരുന്നു. ഭരണകൂടം വെള്ളിയാഴ്ച നമസ്കാരത്തിനായി അനുവദിച്ച് നൽകിയിട്ടുള്ള ഗ്രൗണ്ടുകളിൽ പ്രാർഥന നടത്തുന്നതിനിടയിലാണ് കലാപശ്രമം.
ഒക്ടോബർ 8-നും മൂന്ന് തവണ വെള്ളിയാഴ്ച നമസ്കാരം സംഘ്പരിവാർ സംഘടനകൾ തടസപ്പെടുത്തിയിരുന്നു. ഇത്തരം സംഭവങ്ങൾ ഈ വർഷം പലകുറി ആവർത്തിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.
കലാപത്തിന് നേതൃത്വം കൊടുക്കുന്നത് പ്രദേശത്തെ വ്യവസായിയായ ദിനേശ് ഭാരതിയാെണന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. മുസ്ലീംകളുടെ പ്രാർഥനകൾ തടസപ്പെടുത്താൻ ദിനേശ് പലതവണ ഫേസ്ബുക്കിലടക്കം ആഹ്വാനം ചെയ്തിരുന്നു. പ്രദേശത്ത് പള്ളികൾ കുറവായതിനാലാണ് മൈതാനങ്ങൾ വെള്ളിയാഴ്ച നമസ്കാരത്തിന് ഉപയോഗിക്കുന്നതെന്നാണ് മുസ്ലീം സംഘടനകൾ പറയുന്നത്. മുസ്ലീംകളുടെ ആവശ്യപ്രകാരം വെള്ളിയാഴ്ച പ്രാർഥനക്കായി 106 സ്ഥലങ്ങൾ ജില്ലാ ഭരണകൂടമടക്കമുള്ളവർ അനുവദിച്ചിരുന്നു. എന്നാൽ സംഘ്പരിവാർ സംഘടനകൾ പ്രാർഥനക്കെത്തുന്നവർക്കെതിരെ കലാപാഹ്വാനവുമായി രംഗത്തെത്തിയതോടെ ഇത് 37 ആയി ചുരുക്കിയിരുന്നു. അതെ സമയം കൂടുതൽ പൊലീസ് അടക്കമുള്ളവരെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ് ഭരണകൂടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.