കർണാടകയിൽ ഹലാൽ മാംസം നിരോധിക്കണമെന്ന് ഹിന്ദുത്വ സംഘടനകൾ
text_fieldsബംഗളുരു: കർണാടകയിൽ ഹലാൽ മാംസം നിരോധിക്കണമെന്നാവശ്യവുമായി ഹിന്ദുത്വ സംഘടനകൾ. സംസ്ഥാനത്ത് മാംസം വിൽക്കുന്ന കടകളുടെ സൈൻ ബോർഡിൽ നിന്ന് ഹലാൽ സർട്ടിഫിക്കേഷൻ നീക്കം ചെയ്യണമെന്ന് ഹിന്ദു ജാഗ്രത സമിതി, ശ്രീരാമ സേന, ബജരംഗ്ദൾ തുടങ്ങിയ എട്ട് ഹിന്ദുത്വ സംഘടനകൾ ആവശ്യപ്പെട്ടു. ഹിന്ദുമതസ്ഥർ ഹലാലായ മാംസം വാങ്ങരുതെന്നും പകരം ഹിന്ദു പരമ്പരാഗത രീതിയായ 'ഝട്ക' രീതിയിൽ മുറിച്ചെടുത്ത മാംസം വാങ്ങാൻ ശ്രദ്ധിക്കണമെന്നും ഇവർ പറഞ്ഞു.
ഇസ്‌ലാമിക സംഘടനകൾ രാജ്യത്ത് ഒരു സമാന്തര സാമ്പത്തിക സംവിധാനം ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും അത് രാജ്യത്തിന്റെ സുരക്ഷക്ക് അപകടകരമാണെന്നും സംഘടനകൾ അഭിപ്രായപ്പെട്ടു. ഫുഡ് സർട്ടിഫിക്കേഷനായി എഫ്.എസ്.എസ്.എ.ഐ, എഫ്.ഡി.എ പോലുള്ള സർക്കാർ സർട്ടിഫിക്കേഷൻ ഏജൻസികൾ ഉള്ളപ്പോൾ മതം അടിസ്ഥാനമാക്കിയുള്ള സർട്ടിഫിക്കേഷന്റെ ആവശ്യമെന്താണെന്നും അവർ ചോദിച്ചു. ഹലാൽ സർട്ടിഫിക്കേഷൻ മതേതരത്വത്തിന് വിരുദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു.
ഭരണകക്ഷിയായ ബി.ജെ.പിയുടെ പല നേതാക്കളും ഈ ആഹ്വാനം അംഗീകരിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. 'ഹലാൽ ഭക്ഷണം ബഹിഷ്‌കരിക്കുക' എന്ന കാമ്പയിൻ ക്രമസമാധാന പ്രശ്‌നമല്ലെന്നാണ് കർണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര അഭിപ്രായപ്പെട്ടത്. ഹലാൽ മാംസം ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് ബജ്‌റംഗ്ദളും വിശ്വഹിന്ദു പരിഷത്തും അടക്കമുള്ള വിവിധ ഹിന്ദുത്വ സംഘടനകൾ വീടുവീടാന്തരം കയറിയിറങ്ങിയും സമൂഹമാധ്യമങ്ങളിലൂടെയും പ്രചാരണം നടത്തുന്നുണ്ട്.
നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം , ക്ഷേത്രോത്സവങ്ങളിൽ മുസ്ലീം വ്യാപാരികളെ വിലക്കൽ തുടങ്ങിയ ആവശ്യങ്ങളുമായി ഹിന്ദുത്വ സംഘടനകൾ സംസ്ഥാനത്ത് സംഘർഷം സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.