മഥുര, കാശി ക്ഷേത്ര തർക്കം തീർപ്പാക്കാൻ അതിവേഗ കോടതി വേണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി
text_fieldsലഖ്നോ: മഥുരയിലെയും കാശിയിലെയും ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട തർക്കം തീർപ്പാക്കാൻ അതിവേഗ കോടതി സ്ഥാപിക്കണമെന്ന് ഹിന്ദു ജനജാഗ്രതി സമിതി സമ്മേളനം ആവശ്യപ്പെട്ടു.
ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ ബാലാജി ധാം ക്ഷേത്ര സമുച്ചയത്തിൽ നടന്ന കൺവെൻഷനിൽ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള 54 ഹിന്ദു സംഘടന പ്രതിനിധികൾ, അഭിഭാഷകർ, ബുദ്ധിജീവികൾ, ക്ഷേത്ര ട്രസ്റ്റികൾ, എഡിറ്റർമാർ, സംരംഭകർ, വിവരാവകാശ പ്രവർത്തകർ എന്നിവരുൾപ്പെടെ സംബന്ധിച്ചു.
രാജ്യത്ത് നിയമവിരുദ്ധമായ ഹലാൽ സർട്ടിഫിക്കേഷനുകൾ നൽകുന്നത് തടയുക, ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണം തടയാൻ സമ്മർദം ചെലുത്തുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ഇന്ത്യയുടെ സാംസ്കാരിക സ്വത്വവും അഖണ്ഡതയും സംരക്ഷിക്കാൻ ഹിന്ദു രാഷ്ട്രം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹിന്ദു ജനജാഗ്രതി സമിതി ദേശീയ ഗൈഡ് ഡോ. ചാരുദത്ത പിംഗലെ പറഞ്ഞു.
രാജസ്ഥാനിൽ മതപരിവർത്തന നിരോധന ബില്ലിന് മന്ത്രിസഭ അംഗീകാരം
ജയ്പുർ: നിർബന്ധിത മതപരിവർത്തന വിരുദ്ധ ബില്ലിന് അംഗീകാരം നൽകി രാജസ്ഥാൻ മന്ത്രിസഭ. കഴിഞ്ഞദിവസം മുഖ്യമന്ത്രി ഭജൻലാൽ ശർമയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ബില്ലിന് അംഗീകാരം നൽകിയത്. വരുന്ന നിയമസഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം.
അനധികൃത മതപരിവർത്തനം തടയാൻ രാജസ്ഥാൻ സർക്കാർ പ്രതിജ്ഞബദ്ധമാണെന്ന് മുഖ്യമന്ത്രി ഭജൻ ലാൽ ശർമ പറഞ്ഞു. ഏതെങ്കിലും വ്യക്തിയെ ബലപ്രയോഗത്തിലൂടെയോ നിർബന്ധിതമായോ മതം മാറ്റുന്നതിൽനിന്ന് ബിൽ വിലക്കും. മതപരിവർത്തനം ലക്ഷ്യമിട്ട് ഒരു വ്യക്തി വിവാഹം കഴിച്ചാൽ, ആ വിവാഹം അസാധുവാക്കാൻ പുതിയ ബിൽ കുടുംബ കോടതിക്ക് അധികാരം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ബില്ലിൽ വിവിധ നിയമലംഘനങ്ങൾക്ക് ഒരു വർഷം മുതൽ 10 വർഷം വരെ തടവും പിഴയും വ്യവസ്ഥ ചെയ്യുന്നുണ്ട്. കൂടാതെ ജാമ്യമില്ലാ കുറ്റങ്ങളടക്കം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നും പാർലമെന്ററി കാര്യ മന്ത്രി ജോഗറാം പട്ടേൽ പറഞ്ഞു. ഒരാൾ മതം മാറാൻ ആഗ്രഹിക്കുന്നുവെങ്കില്‍ 60 ദിവസം മുമ്പ് ജില്ല മജിസ്ട്രേറ്റിന് അപേക്ഷ നൽകണമെന്ന് ബില്ലില്‍ പറയുന്നു.
നിർബന്ധിത മതപരിവർത്തനമാണോ അല്ലയോ എന്ന് ജില്ല മജിസ്ട്രേറ്റ് പരിശോധിക്കും. നിർബന്ധിതമോ പ്രലോഭനമോ അല്ലെന്ന് കണ്ടെത്തിയാൽ മാത്രമേ അപേക്ഷയുമായി മുന്നോട്ട് പോകാൻ അനുവദിക്കൂവെന്നും ജോഗറാം പട്ടേൽ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.