വരുമാനം നോക്കി ക്ഷേത്രങ്ങളിൽനിന്ന് പണം പിരിക്കാൻ ഹിന്ദുമത നിയമ ഭേദഗതി
text_fieldsബംഗളൂരു: വരുമാനത്തിൽ മുന്നിലുള്ള ക്ഷേത്രങ്ങളിൽനിന്ന് 10, അഞ്ച് ശതമാനം പിരിക്കാൻ വ്യവസ്ഥ ചെയ്യുന്ന ഹിന്ദുമത ഭരണ ഭേദഗതി ബിൽ കർണാടക നിയമസഭ പാസാക്കി. കോടിയോ അധികമോ വാർഷിക വരുമാനമുള്ള ക്ഷേത്രങ്ങൾ 10 ശതമാനവും 10 ലക്ഷം മുതൽ കോടി വരെ വരുമാനമുള്ളവ അഞ്ച് ശതമാനവുമാണ് നൽകേണ്ടത്.
വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളിലെ 40,000 പൂജാരിമാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഈ തുക വിനിയോഗിക്കുന്നതിലൂടെ മേഖലയിൽ നിലനിൽക്കുന്ന വലിയ അന്തരം കുറക്കാനാവുമെന്ന് ബിൽ അവതരിപ്പിച്ച മുസ്റായ് വകുപ്പ് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു.
കർണാടകയിൽ 35,000 ക്ഷേത്രങ്ങളാണ് മുസ്റായ് വകുപ്പിന് കീഴിലുള്ളത്. ഇതിൽ 205 എണ്ണം വർഷത്തിൽ 25 ലക്ഷത്തിലധികം വരുമാനവുമായി എ വിഭാഗത്തിലാണ്. 139 എണ്ണം അഞ്ച് മുതൽ 25 വരെ ലക്ഷം വരുമാനത്തോടെ ബി വിഭാഗത്തിൽപ്പെടുന്നു. 34,000 ക്ഷേത്രങ്ങൾ അഞ്ച് ലക്ഷത്തിൽ താഴെ വരുമാനത്തോടെ സി വിഭാഗത്തിൽ ദുരിതത്തിലാണ്.
ദക്ഷിണ കന്നഡ ജില്ലയിലെ കുക്കെ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കഴിഞ്ഞ വർഷത്തെ വരുമാനം 123 കോടിയിലെത്തിയിരുന്നു. ശരാശരി വരുമാനം കണക്കാക്കിയാൽ ഈ ക്ഷേത്രത്തിൽനിന്ന് 10 കോടി രൂപ പിരിച്ചെടുക്കാനാവും.
മലയാളി ഭക്തജനങ്ങൾ ഏറെ സന്ദർശിക്കുന്ന ഉഡുപ്പി ജില്ലയിലെ കൊല്ലൂർ ശ്രീ മൂകാംബിക ക്ഷേത്രത്തിൽ കോവിഡ് കാലം ഒഴികെ ശരാശരി 90 കോടി രൂപ വാർഷിക വരുമാനം ലഭിക്കുന്നതായാണ് കണക്ക്. ഭണ്ഡാര വരവ്, കാണിക്ക, കേന്ദ്ര, സംസ്ഥാന ഗ്രാന്റുകൾ എന്നിവയാണ് ക്ഷേത്രങ്ങളുടെ വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.