വിദ്വേഷ പ്രസംഗം: ഹിന്ദുമഹാസഭ തമിഴ്നാട് പ്രസിഡന്റിനെ അറസ്റ്റു ചെയ്തു
text_fieldsനാഗർകോവിൽ: മതസ്പർദ്ദ വളർത്തുന്ന രീതിയിൽ ഭാരവാഹികളുടെ യോഗത്തിൽ പ്രസംഗിച്ച ഹിന്ദുമഹാസഭ തമിഴ്നാട് പ്രസിഡന്റ് ടി. ബാലസുബ്രഹ്മണ്യത്തിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. ഇക്കഴിഞ്ഞ 17ന് പുതുക്കട മുള്ളു വിളയിലെ ക്ഷേത്ര ഉത്സവ പരിപാടിയിൽ പങ്കെടുത്ത ശേഷം പുതുക്കട ബസ് സ്റ്റാൻഡിന് സമീപത്തെ ഓഫീസിൽ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുമ്പോഴാണ് മതന്യൂനപക്ഷങ്ങൾക്കെതിരെയുള്ള പരാമർശം നടത്തിയത്. ഇതിൽ അടുത്ത കാലത്ത് കേരളത്തിൽ നടന്ന കൊലപാതകസംഭവങ്ങളെയും പരാമർശിച്ചിരുന്നു.
ഇക്കാര്യം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായതോടെ പൊലീസ് സ്വമേധയ കേസെടുത്തിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പുതുക്കട പൊലീസ് ശനിയാഴ്ച രാവിലെ ഈത്താമൊഴിയിലുള്ള ബാലസുബ്രഹ്മണ്യത്തിന്റെ വീട്ടിൽ നിന്നുമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം കുഴിത്തുറ കോടതിയിൽ ഹാജരാക്കി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആശാരിപള്ളം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലസുബ്രഹ്മണ്യത്തിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ നിരവധി പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.