മുസ്‍ലിം പേരിൽ ഫേസ്ബുക്കിൽ ഹിന്ദുദേവതയെ അപമാനിക്കാൻ ശ്രമിച്ചയാൾ പിടിയിൽ
text_fieldsകർണാടകയിലെ കുടക് ജില്ലയിൽ കാവേരി ദേവിയെക്കുറിച്ചും സ്ത്രീകളെക്കുറിച്ചും ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയ യുവാവിനെ കർണാടക പൊലീസ് അറസ്റ്റ് ചെയ്തു.
കുടക് ജില്ലയിലെ വിരാജ് പേട്ട താലൂക്കിലെ കെടാമുള്ളൂർ സ്വദേശി ദിവിൻ ദേവയ്യയാണ് അറസ്റ്റിലായത്. പ്രതികൾ മുസ്‍ലിം യുവാക്കളുടെ പേരിൽ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് തുറന്ന് സന്ദേശങ്ങൾ അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രാദേശിക കൊടവ സമുദായം തങ്ങളുടെ ദൈവമായി ആരാധിക്കുന്ന കാവേരി ദേവിക്കെതിരെ അപകീർത്തികരവും അപമാനകരവുമായ സന്ദേശങ്ങളാണ് പ്രതി തന്റെ വ്യാജ അക്കൗണ്ട് വഴി പോസ്റ്റ് ചെയ്തത്. കൊടവ സമുദായത്തിൽപ്പെട്ട സ്ത്രീകളെയും ഇയാൾ അപകീർത്തിപ്പെടുത്തുന്ന പ്രയോഗങ്ങൾ ഉപയോഗിച്ചിരുന്നു.
ബി.ജെ.പിയുടെയും ഹിന്ദു സംഘടനകളുടെയും കോട്ടയായി കണക്കാക്കപ്പെടുന്ന കുടകിനെ സാമുദായിക സെൻസിറ്റീവ് മേഖലയായാണ് കണക്കാക്കി പോരുന്നത്. പോസ്റ്റുകളെ അപലപിച്ച് വിവിധ സംഘടനകൾ ബന്ദ് ആഹ്വാനം ചെയ്യുകയും ക്രമസമാധാന നിലക്ക് ഭീഷണിയാകുന്ന തരത്തിൽ വിഷയം വർഗീയ വഴിത്തിരിവുണ്ടാക്കുകയും ചെയ്തിരുന്നു.
"ഇത് സംഭവിക്കാൻ പാടില്ലാത്ത നിർഭാഗ്യകരമായ സംഭവമാണ്. സോഷ്യൽ മീഡിയ ഹാൻഡിലുകൾ ദുരുപയോഗം ചെയ്യുന്നവർ രണ്ടുതവണ ചിന്തിക്കണം. അറസ്റ്റ് സംഭവം എല്ലാവർക്കും ഒരു പാഠമാകണം" -ഫെഡറേഷൻ ഓഫ് കൊടവ കമ്മ്യൂണിറ്റി അംഗങ്ങൾ പറഞ്ഞു.
സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്യുന്നത് അതിന്റെ അനന്തരഫലങ്ങളെക്കുറിച്ച് അറിവില്ലായ്മ കൊണ്ട് സാധാരണമായിരിക്കുകയാണെന്ന് കുടക് ജില്ലാ പൊലീസ് സൂപ്രണ്ട് എം. എ അയ്യപ്പ പറഞ്ഞു. വിഷയത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.