സ്വന്തം വീടിന് ബോംബിട്ട് പൊലീസിനെ വിളിച്ച ഹിന്ദു മുന്നണിക്കാരൻ അറസ്റ്റിൽ
text_fieldsചെന്നൈ: കുംഭകോണത്ത് സ്വന്തം വീടിന് നേരെ പെട്രോൾ ബോംബെറിഞ്ഞ് പൊലീസിൽ വിളിച്ചുപറഞ്ഞ ഹിന്ദുമുന്നണി പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഹിന്ദു മുന്നണി കുംഭകോണം ടൗൺ സെക്രട്ടറി ചക്രപാണി (40)യാണ് പ്രതി.
സംഘടനയിൽ സംസ്ഥാനതലത്തിൽ ശ്രദ്ധിക്കപ്പെടുകയെന്ന ലക്ഷ്യത്തോടെയും ജീവന് ഭീഷണിയുള്ളതിനാൽ പൊലീസിന്‍റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസറെ (പി.എസ്.ഒ) ലഭിക്കുമെന്ന പ്രതീക്ഷയിലുമാണ് കൃത്യം നടത്തിയതെന്ന് ഇയാൾ പൊലീസിൽ മൊഴി നൽകി.
ഇന്നലെ പുലർച്ചെ വീടിന് മുന്നിലേക്ക് അജ്ഞാതസംഘം പെട്രോൾ ബോംബെറിഞ്ഞതായാണ് ചക്രപാണി കുംഭകോണം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ വിളിച്ചുപറഞ്ഞത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലം സന്ദർശിച്ചു. ബി.ജെ.പി- ഹിന്ദുമുന്നണി പ്രവർത്തകർ സ്ഥലത്ത് തടിച്ചുകൂടി നിഷ്പക്ഷ അന്വേഷണം പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ടിരുന്നു.
ചക്രപാണിയുടെ പരസ്പരവിരുദ്ധമായ മൊഴിയിൽ സംശയം തോന്നിയ പൊലീസ് ഇയാളുടെ വീട് പരിശോധനക്ക് വിധേയമാക്കി. പെട്രോൾ നിറച്ച കുപ്പിയിലെ തിരികൾ ചക്രപാണിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത തുണി കീറി നിർമിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് വിശദമായ ചോദ്യം ചെയ്യലിൽ ചക്രപാണി കുറ്റം സമ്മതിക്കുകയായിരുന്നു.
മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ ഉൾപ്പെടെ ഏഴ് വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. പ്രതിയെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.