ഉർദുവിലെഴുതിയ സ്റ്റേഷന്റെ പേര് നീക്കണമെന്ന് ഹിന്ദു പുരോഹിതൻ; തെറ്റുപറ്റിയതാണ്, തിരുത്തിയെന്ന് റെയിൽവെ
text_fieldsഭോപാൽ: ഉർദുവിൽ എഴുതിയ പുതിയ റെയിൽവെസ്റ്റേഷന്റെ പേര് ഹിന്ദു പുരോഹിതന്‍റെ ആവശ്യമനുസരിച്ച് റെയിൽവെ മായ്ച്ചു. മധ്യപ്രദേശിലെ ചിന്തമൻ ഗണേഷ് റെയിൽവെ സ്റ്റേഷന്റെ പേര് ഉർദുവിലെഴുതിയതാണ് ഹിന്ദു പുരോഹിതനെ പ്രകോപിപ്പിച്ചത്.
അവഹൻ അഖാഡയിലെ മഹാമന്ദലേശ്വർ ആചാര്യ ശേഖറാണ് ഉർദുവിലെഴുതിയ പേര് നീക്കണമെന്ന് ആവശ്യപ്പെട്ടത് രംഗത്തെത്തിയത്. 'ഇതൊരു തുടക്കമാണ്. ഹിന്ദു ദേവൻമാരുടെയും ദേവതകളുടെയും പേരിലുള്ള മുഴുവൻ സ്റ്റേഷൻ പേരുകളും ഉർദുവിൽ നിന്ന് മാറ്റണം' -ആചാര്യ ശേഖർ പറഞ്ഞു.
ആചാര്യ ശേഖറിന് പിന്തുണയുമായി ബി.ജെ.പി രംഗത്തെത്തിയിരുന്നു. 'ബോർഡുകൾ വിവരങ്ങൾ അറിയിക്കാനാണ്. ഒരു വിഭാഗത്തെ പ്രീണിപ്പിക്കാനുള്ളതല്ല. സന്യാസികളുടെ ആവശ്യത്തെ റെയിൽവെ ബഹുമാനിക്കണം' -മധ്യപ്രദേശ് ബി.ജെ.പി വക്താവ് രജനേഷ് അഗർവാൾ പറഞ്ഞു.
ഉർദുവിനെ ഏതെങ്കിലും മതവുമായി ബന്ധപ്പെടുത്തേണ്ടെന്നും വിവാദമുണ്ടാക്കാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് പ്രതിപക്ഷമായ കോൺഗ്രസ് പ്രതികരിച്ചത്. 'സ്റ്റേഷനുകളുടെ പേര് എഴുതുന്നതിൽ റെയിൽവെ അവരുടെ ചട്ടങ്ങൾ പാലിക്കുന്നുണ്ട്. ഇതിൽ വിവാദമാക്കാൻ ഒന്നുമില്ല. ഉർദു സമ്പന്നമായ ഒരു ഭാഷയാണ്. അതൊരിക്കലും ഏതെിങ്കിലുമൊരു മതവുമായി ബന്ധപ്പെടുത്തേണ്ടതില്ല' -കോൺഗ്രസ് വക്താവ് ജെ.പി ധനോപിയ പറഞ്ഞു.
ഉർദുവിൽ സ്റ്റേഷന്റെ പേരെഴുതിയത് അബദ്ധം പറ്റിയതാണെന്നായിരുന്നു റെയിൽവെയുടെ വിശദീകരണം. ' പേര് മായ്ച്ചുകൊണ്ട് ഞങ്ങൾ ആ അബദ്ധം തിരുത്തിയിരിക്കുന്നു'- റെയിൽവെ വക്താവ് ജിതേന്ദ്ര കുമാർ പറഞ്ഞു. ഉജ്ജയിനിൽ നിന്ന് ആറു കിലോ മീറ്റർ അകലെയുള്ള പുതിയ റെയിൽവെ സ്റ്റേഷന് സമീപത്തെ ചിന്തമൻ ഗണേഷ് ക്ഷേത്രത്തിന്‍റെ പേര് നൽകിയതായിരുന്നുവെന്നും റെയിൽവെ വക്താവ് പറഞ്ഞു.
പേര് മായ്ച്ച റെയിൽവെയുടെ നടപടിയിൽ ലജ്ജിക്കുന്നുവെന്നാണ് എഴുത്തുകാരനും കവിയുമായ ശ്യം മുൻഷി പ്രതികരിച്ചത്. 'ഹിന്ദിയും ഉർദുവും ഇരട്ട സഹോദരിമാരെ പോലെയാണ്. ഭാഷകളുടെ മതം കണ്ടെത്താനുള്ള ആളുകളുടെ ശ്രമം നിർഭാഗ്യകരമാണ്' -മുൻഷി പറഞ്ഞു.
12ാം നൂറ്റാണ്ടിൽ ഇന്ത്യയിൽ രൂപപ്പെട്ട ഭാഷയാണ് ഉർദു. ഭരണഘടനയിലെ 22 ഷെഡ്യൂൾഡ് ഭാഷകളിൽ ഉൾപ്പെടുന്ന ഉർദു ഇപ്പോൾ ഇന്ത്യയിൽ ഏഴു കോടി ആളുകൾ സംസാരിക്കുന്ന ഭാഷയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.