നന്ദേഡിൽ മുസ്‍ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കാളിചരൺ മഹാരാജിനെതിരെ കേസ്
text_fieldsമഹാരാഷ്ട്ര: നന്ദേഡിൽ നടന്ന റാലിക്കിടെ മുസ്‍ലിം സമുദായത്തിനു നേരെ വിദ്വേഷ പ്രസംഗം നടത്തിയതിന് തീവ്ര ഹിന്ദുത്വ നേതാവും സ്വയം പ്രഖ്യാപിത ആൾദൈവവുമായ കാളിചരൺ മഹാരാജിനെതിരെ ബിലോളി പൊലീസ് കേസെടുത്തു. നന്ദേഡിലെ റാലി തടഞ്ഞത് മുസ്‍ലിം യുവാക്കളെ പ്രകോപിപ്പിച്ചു എന്നാരോപിച്ച് 50കാരനായ സുലൈമാൻ അഹ്മദിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.
ബി.ജെ.പിയിൽ നിന്ന് പുറത്താക്കപ്പെട്ട എം.എൽ.എ രാജ സിങ്ങും കാളിചരൺ മഹാരാജുമായിരുന്നു റാലിയിലെ മുഖ്യ പ്രഭാഷകർ. ഏപ്രിൽ ഒമ്പതിന് മാതാ മന്ദിറിലാണ് പരിപാടി നടന്നത്. കാളിചരണെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153എ(മതത്തിന്റെ അടിസ്ഥാനത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ), 295 എ(മനപ്പൂർവുമുള്ളതും വിദ്വേഷകരവുമായ പ്രവൃത്തി, മതപരമായ വികാരം വ്രണപ്പെടുത്തൽ),505(2)(സ്പർധ വളർത്തുന്ന പ്രസ്‍താവനകൾ നടത്തുക, വിവിധ വിഭാഗങ്ങൾക്കിടയിൽ വെറുപ്പ് പടർത്തുക) എന്നീ വകുപ്പുകൾ പ്രകാരണമാണ് കേസെടുത്തത്.
പ്രസംഗത്തിനിടെ മുസ്‍ലിംകളെ രാജ്യദ്രോഹികളെന്നും തീവ്രവാദികളെന്നും വിശേഷിപ്പിച്ച കാളിചരൺ അവർക്കെതിരെ കലാപം നടത്തണമെന്നും ആഹ്വാനം ചെയ്തു. ഖുർആനിലെ ചില വാക്യങ്ങൾ ഉദ്ധരിച്ച് വിവാദ പരാമർശം നടത്തിയ കാളിചരൺ ബുൾഡോസർ നീതിയെ ന്യായീകരിക്കുകയും ചെയ്തു. പശുവിനെ കശാപ്പ് ചെയ്യുകയും തിന്നുകയും ചെയ്യുന്നവർ നമ്മുടെ സഹോദരങ്ങളല്ല. ഉദാഹരണമായി അബ്ദുലിന് ആടിനോട് വലിയ സ്നേഹമായിരുന്നു. അണ്ടിപ്പരിപ്പും ബദാമും നൽകി അദ്ദേഹം അതിനെ തീറ്റിപ്പോറ്റി.
പിന്നീട് പെരുന്നാൾ ദിനത്തിൽ ആ ആടിനെ അറുത്ത് ഭക്ഷിച്ചു. ഹിന്ദുമതത്തിൽ നിന്ന് പരിവർത്തനം ചെയ്തവരാണ് എല്ലാ മുസ്‍ലിംകളും. അതിനു ശേഷം മദ്റസകളിൽ കൊണ്ടുപോയി മസ്‍തിഷ്‍കക്ഷാളനം നടത്തുകയാണ് അവരെ. ഹിന്ദു രാഷ്ട്രം സ്ഥാപിതമാകേണ്ട ആവശ്യം ഊന്നിപ്പറഞ്ഞ കാളിചരൺ ലോകത്തുള്ള എല്ലാ തീവ്രവാദികളും മുസ്‍ലിംകളാണെന്നും പ്രസംഗത്തിൽ കാളിചരൺ അവകാശപ്പെട്ടിരുന്നു. ഹിന്ദുരാഷ്ട്രം വന്നാൽ പശുവിനെ കശാപ്പ് ചെയ്യുന്നവരെയും ഭൂ ജിഹാദികളെയും മതപരിവർത്തനം നടത്തുന്നവരെയും തടയാൻ സാധിക്കുമെന്നും ആൾദൈവം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.