ഗ്യാൻവ്യാപി മസ്ജിദിൽ ദിവസവും അഞ്ച് തവണ ആരതി നടത്തുമെന്ന് ഹിന്ദുവിഭാഗം
text_fieldsവാരാണസി: ഗ്യാൻവ്യാപി മസ്ജിദിൽ ദിവസത്തിൽ അഞ്ച് തവണ ആരതി നടത്തുമെന്ന് ഹിന്ദുവിഭാഗം. വാരണാസി കോടതിയുടെ ഉത്തരവിന് പിന്നാലെ പള്ളിയിലെത്തി കഴിഞ്ഞ ദിവസം ഹിന്ദുവിഭാഗം ആരാധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ദിവസവും അഞ്ച് ആരതി നടത്തുമെന്ന് അറിയിച്ചിരിക്കുന്നത്.
ഹിന്ദുവിഭാഗം അഭിഭാഷകൻ വിഷ്ണു ശങ്കർ ജെയിൻ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. പുലർച്ചെ 3.30ന് മംഗള ആരതി, ഉച്ചക്ക് 12 മണിക്ക് ഭോഗ് , വൈകീട്ട് നാല് മണിക്ക് അപ്രൻ , രാത്രി ഏഴ് മണിക്ക് സന്യാകാൽ , രാത്രി 10.30ന് ശ്യാൻ ആരതി എന്നിവയാണ് നടത്തുകയെന്ന് വിഷ്ണു ശങ്കർ ജെയിൻ അറിയിച്ചു.
അതേസമയം, പള്ളിയിലെ അടിഭാഗത്തെ നിലവറയിൽ പൂജ ആരംഭിച്ചെങ്കിലും ഗ്യാൻവാപി മസ്ജിദിൽ പതിവുപോലെ നമസ്കാരം തുടരുകയാണ്. അധികൃതരുടെ ഭാഗത്തുനിന്നോ പുറത്തുനിന്നുള്ളവരിൽനിന്നോ തടസ്സങ്ങളുണ്ടായില്ലെന്നും വ്യാഴാഴ്ചയും നമസ്കാരം നടന്നതായും അൻജുമൻ മസാജിദ് ഇൻതിസാമിയ കമ്മിറ്റി ജോ. സെക്രട്ടറി സയ്യിദ് മുഹമ്മദ് യാസീൻ പറഞ്ഞു.
വാരാണസി ഗ്യാൻവാപി മസ്ജിദിനായി രാജ്യത്തെങ്ങുമുള്ള മുസ്ലിംകളോട് വെള്ളിയാഴ്ച പ്രാർഥനക്ക് ആഹ്വാനമുണ്ടായിരുന്നു. വാരാണസിയിൽ മുസ്ലിംകളോട് വെള്ളിയാഴ്ച കടകളടച്ച് ബന്ദ് ആചരിക്കാനും ജുമുഅ നമസ്കാരത്തിന് ശേഷം അസർ നമസ്കാരം വരെ പ്രാർഥനയിൽ മുഴുകാനും അഞ്ചുമൻ ഇൻതിസാമിയ മസ്ജിദ് കമ്മിറ്റി അഭ്യർഥിച്ചു. കമ്മിറ്റിയുടെ ആഹ്വാനത്തിന് ദയൂബന്ത് ദാറുൽ ഉലൂമിലെ മുഫ്തി അബുൽ ഖാസിം നുഅ്മാനി പിന്തുണ പ്രഖ്യാപിച്ചു. അതേസമയം ക്രമസമാധാനം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി വാരാണസിയിൽ പൊലീസ് ഫ്ലാഗ് മാർച്ച് നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.