"മുസ്‍ലിം പുരുഷന്മാരുടെ കെണിയിൽ വീണ ഹിന്ദു സ്ത്രീകൾ ക്രൂരമായി കൊല്ലപ്പെട്ടിട്ടുണ്ട്"; വീണ്ടും വിദ്വേഷ പരാമർശവുമായി ബി.ജെ.പി എം.എൽ.എ
text_fieldsജബൽപൂർ: മധ്യപ്രദേശിലെ ഒരു മിശ്ര വിവാഹത്തെ ചൂണ്ടി വീണ്ടും വിദ്വേഷ പരാമർശവുമായി ഹൈദരാബാദ് ബി.ജെ.പി എം.എൽ.എയും ഹിന്ദുത്വ നേതാവുമായ ടി.രാജ.
പ്രത്യേക വിവാഹ നിയമപ്രകാരം കലക്ടേറ്റിൽ അപേക്ഷ നൽകിയ ദമ്പതികളുടെ വിവാഹമാണ് വിദ്വേഷത്തിന് ആധാരം.
ജബൽപൂരിലെ മുസ്‍ലിം യുവാവും ഇൻഡോറിലെ ഹിന്ദു യുവതിയും കഴിഞ്ഞ ദിവസം വിവാഹത്തിനായി അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ ചുവടു പിടിച്ചാണ് ബി.ജെ.പി എം.എൽ.എ പുതിയ വിഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തിറക്കിയിരിക്കുന്നത്.
"അപേക്ഷ സമർപ്പിക്കും മുൻപ് ആ മനുഷ്യൻ (മുസ്‍ലിം യുവാവ് ) മതംമാറിയോ ഇല്ലെങ്കിൽ ഇത് ലൗ ജിഹാദാണ്.
മുസ്‍ലിം പുരുഷന്മാരുടെ കെണിയിൽ വീണ് ക്രൂരമായ കൊല്ലപ്പെട്ട ഹിന്ദു സ്ത്രീകളുടെ കാര്യങ്ങൾ തങ്ങൾക്കറിയാം." എന്ന് രാജ പറയുന്നു.
ഇവരുടെ വിവാഹം ലൗ ജിഹാദാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി വിഷയത്തിൽ ഇടപ്പെട്ട് ഇവരുടെ അപേക്ഷ റദ്ദാക്കണമെന്നും ബി.ജെ.പി എം.എൽ.എ പുറത്തിറക്കിയ വിഡിയോയിൽ പറഞ്ഞു.
അതേസമയം, വിവാഹം വിവാദമായതോടെ പൊലീസ് സംരക്ഷണത്തിനായി യുവതി കോടതിയെ സമീപിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
എന്നാൽ, ഇവർക്ക് സുരക്ഷ ഒരുക്കിയാൽ സമാന സാഹചര്യത്തിൽ മുസ്‍ലിം പെൺകുട്ടികളെ വിവാഹം കഴിക്കുന്ന ഹിന്ദുപുരുഷന്മാർക്കും പൊലീസ് സുരക്ഷ ഒരുക്കുമോയെന്നും രാജ ചോദിക്കുന്നു.
തീവ്ര ഹിന്ദുത്വ സംഘടനകൾ വിവാഹത്തിനെതിരെ രംഗത്തെത്തിയതോടെയാണ് ഇവരുടെ വിവാഹം വിവാദമായി മാറുന്നത്. ഇതോടൊപ്പം ബി.ജെ.പി നേതാവിന്റെ പരാമർശങ്ങൾ കൂടുതൽ എരിവ് പകരുകയാണ് ചെയ്തത്. നേരത്തെയും വിദ്വേഷ പരാമർശങ്ങളുടെ പേരിൽ കുപ്രസിദ്ധി നേടിയയാളാണ് ബി.ജെ.പി എം.എൽ.എ ടി.രാജ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.