ആർക്കിയോളജിക്കൽ സർവേ തുടരുന്നതിനിടെ കമൽ മൗല പള്ളിയിൽ പ്രാർഥന നടത്തി ഹിന്ദു വിഭാഗം
text_fieldsഭോപാൽ: മധ്യപ്രദേശിലെ ധാർ ജില്ലയിലെ ഭോജ്ശാല/കമൽ മൗല മസ്ജിദ് മന്ദിരത്തിൽ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സർവേ നടക്കുന്നതിനിടെ ആരാധന തുടർന്ന് ഹിന്ദുക്കൾ. ചൊവ്വാഴ്ചകളിൽ ഹിന്ദുക്കൾക്ക് ഭോജ്ശാല മന്ദിരത്തിൽ ആരാധന നടത്താൽ 2003 ഏപ്രിലിൽ എ.എസ്.ഐ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അനുമതിയുണ്ട്. മുസ്ലിം വിഭാഗക്കാർക്ക് വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിനും അനുമതിയുണ്ട്.
സർവേ തുടങ്ങുന്നതിന് മുൻപ് 7.15ഓടെയാണ് ഹിന്ദുത്വ വിശ്വാസികൾ ഭോജ്ശാല മന്ദിരത്തിലെത്തിയത്.
വാഗ്ദേവിയുടെ (സരസ്വതി) ക്ഷേത്രമാണെന്ന് ഹിന്ദുക്കൾ വിശ്വസിക്കുന്ന മധ്യകാല സ്മാരകമായ ഭോജ്ശാല സമുച്ചയത്തിൻ്റെ ശാസ്ത്രീയ സർവേ ആറാഴ്ച്ചക്കകം നടത്തണമെന്ന് മാർച്ച് 11ന് മധ്യപ്രദേശ് ഹൈകോടതി എ.എസ്.ഐയോട് ആവശ്യപ്പെട്ടിരുന്നു. കോടതി നിർദ്ദേശപ്രകാരം, എ.എസ്.ഐ സംഘം, മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ, അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥർ എന്നിവർക്കൊപ്പം മാർച്ച് 22ന് ഇവിടെ സര്ഡവേയും ആരംഭിച്ചിരുന്നു.
ഭൂമിയുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന തർക്കത്തിൽ സർവേ ഫലം പുറത്തുവരുന്നതോടെ വ്യക്തമായ പരിഹാരം കണ്ടെത്താനാകുമെന്നാണ് ഭോജ്ശാല ഉത്സവ സമിതി ഉപാധ്യക്ഷൻ ബൽവീർ സിങ്ങിന്റെ പരാമർശം. മന്ദിരം വർഷങ്ങൾക്ക് മുൻപ് സരസ്വതി ദേവിയുടെ ക്ഷേത്രമായിരുന്നുവെന്നും ഇത് ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നും സിങ് പറഞ്ഞു.
നേരത്തെ പ്രശസ്ത പുരാവസ്തു ഗവേഷകൻ കെ കെ മുഹമ്മദും വിവാദ സമുച്ചയം സരസ്വതി ക്ഷേത്രമാണെന്നും പിന്നീട് ഇസ്ലാമിക ആരാധനാലയമാക്കി മാറ്റുകയായിരുന്നുവെന്നും പറഞ്ഞിരുന്നു. 1034 എ.ഡിയിൽ ഹിന്ദു രാജാവായ രാജ ഭോജ് ഭോജ്ശാലയിൽ വാഗ്ദേവിയുടെ വിഗ്രഹം സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിശ്വാസം. 1875ൽ ഈ വിഗ്രഹം ബ്രിട്ടീഷുകാർ ലണ്ടനിലേക്ക് കൊണ്ടുപോയെന്നാണ് ഹിന്ദുത്വ ഗ്രൂപ്പുകളുടെ വാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.