ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു
text_fieldsകൊൽക്കത്ത: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞൻ റാഷിദ് ഖാൻ അന്തരിച്ചു. 55 വയസ്സായിരുന്നു. അർബുദം ബാധിച്ച് കൊൽക്കൊത്തയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച വൈകീട്ടായിരുന്നു അന്ത്യം. ആഓഗെ ജബ് തും, ആജ് കോയി ജോഗീ ആവേ, ഇഷ്ക് കാ രംഗ് തുടങ്ങിയവ അദ്ദേഹത്തിന്റെ ഏറെ പ്രശസ്തമായ ഗാനങ്ങളാണ്. വിദേശരാജ്യങ്ങളിലടക്കം നിരവധി മേളകളിൽ സംഗീതം അവതരിപ്പിച്ചിട്ടുണ്ട്.
ഹിന്ദുസ്ഥാനി സംഗീതത്തെ ജനപ്രിയമാക്കുന്നതിൽ വലിയ പങ്കുവഹിച്ച അദ്ദേഹത്തെ രാജ്യം പദ്മശ്രീ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്. സംഗീത-നാടക അക്കാദമി അവാർഡ്, ഗ്ലോബൽ ഇന്ത്യൻ മ്യൂസിക് അക്കാദമി അവാർഡ്, മഹാ സംഗീത് സമ്മാൻ പുരസ്കാരം, മിർച്ചി മ്യൂസിക് പുരസ്കാരം തുടങ്ങിയവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിലെ ബദായുനിൽ ജനിച്ച റാഷിദ് ഖാൻ മാതൃസഹോദരൻ ഉസ്താദ് നിസ്സാർ ഹുസ്സൈൻ ഖാനിൽ നിന്നാണ് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ചത്. 11ാം വയസ്സിലാണ് ആദ്യ സംഗീത കച്ചേരി അവതരിപ്പിച്ചത്. ഉസ്താദ് ഗുലാം മുസ്തഫ ഖാന്റെ അനന്തരവൻ കൂടിയാണ്.
മരണത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചിച്ചു. റാഷിദ് ഖാന്റെ മരണം രാജ്യത്തിനും സംഗീത ശാഖക്കും വലിയ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് മമത അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.