തെലങ്കാനയിൽ പഴക്കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം; നിർബന്ധിച്ച് മദ്യം കുടിപ്പിച്ചു
text_fieldsഹൈദരാബാദ്: തെലങ്കാനയിൽ മുസ്‌ലിം പഴക്കച്ചവടക്കാർക്ക് നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. സങ്കറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിൽ തിങ്കളാഴ്ചയാണ് സംഭവം. ആക്രമണത്തിൽ പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാപാരികളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായും പരാതിയുണ്ട്. പഴക്കച്ചവടക്കാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആക്രമണത്തിന് പിന്നിൽ സാമുദായിക പ്രശ്നമല്ലെന്നാണ് പൊലീസ് പറയുന്നത്. പഴങ്ങളുടെ വിലയെ ചൊല്ലിയുള്ള തർക്കമാണ് സംഘർഷ കാരണമെന്ന് പതഞ്ചെരു ഡി.എസ്.പി ഭീം റെഡ്ഡി പറഞ്ഞു.
പ്രതികൾക്കെതിരെ ആയുധങ്ങളുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിക്കൽ, തടഞ്ഞുവെക്കൽ, സമാധാനം തകർക്കുക എന്ന ഉദ്ദേശ്യത്തോടെയുള്ള ബോധപൂർവമായ അധിക്ഷേപം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. എന്നാൽ, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവത്തിൽ ആൾ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുൽ മുസ്‌ലിമീൻ മേധാവി അസദുദ്ദീൻ ഉവൈസി എം.പി അപലപിച്ചു. ആക്രമണത്തിൽ ഇരകളിലൊരാളുടെ കൈക്ക് ഒടിവുണ്ടെന്നും ദേഹമാസകലം പരിക്കേറ്റിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്കെതിരെ കൊലപാതക ശ്രമം കൂടി ചുമത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.