ഡൽഹി അതിരൂപതയുടെ രണ്ട് ചർച്ചുകൾ അടച്ചുപൂട്ടണമെന്ന് ഹിന്ദുത്വ തീവ്രവാദികൾ
text_fieldsന്യൂഡൽഹി: ഡൽഹി അതിരൂപതക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിയാനയിലെ രണ്ട് ചർച്ചുകൾ അടച്ചുപൂട്ടാൻ ഹിന്ദുത്വ തീവ്രവാദികളുടെ മുന്നറിയിപ്പ്. ഹരിയാന ഗുരുഗ്രാമിലെ ഖേഡ്കി ദൗലയിലെയും ഫാറൂഖ് നഗറിലെയും രണ്ട് ചർച്ചുകളാണ് പൂട്ടാൻ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് അതിരൂപത പബ്ലിക് റിലേഷൻസ് ഓഫിസർ ശശിധരൻ പറയുന്നു.
ശനിയാഴ്ച രാവിലെ 10ഓടെ കാവി ഷാൾ അണിഞ്ഞ് ഖേഡ്കി ദൗല സെന്റ് ജോസഫ് വാസ് കാത്തലിക് മിഷൻ ചർച്ചിലേക്ക് ത്രിശൂലങ്ങളും വാളുകളുമേന്തി വന്ന 25ഓളം വരുന്ന ഹിന്ദുസേനക്കാർ പുരോഹിതനോടും വിശ്വാസികളോടും രണ്ടാഴ്ചക്കകം ചർച്ച് അടച്ചൂപൂട്ടണമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഖേഡ്കി ദൗലയിൽ ഒരു ചർച്ചുപോലും അനുവദിക്കില്ലെന്നും ഹിന്ദുസേന മുന്നറിയിപ്പ് നൽകി.
സംഘത്തിലൊരാളുടെ അടിയേറ്റ ഫാ. അമൽരാജിന് കേൾവിശക്തി കുറഞ്ഞു. 45ഓളം വരുന്ന സായുധസംഘം വീണ്ടുമെത്തിയതിനെ തുടർന്ന് സംഘർഷമൊഴിവാക്കാൻ പൊലീസ് ചർച്ചിലുണ്ടായിരുന്നവരെ സ്റ്റേഷനിലേക്ക് മാറ്റി. തിങ്കളാഴ്ചയാണ് അവരെ ചർച്ചിലേക്ക് തിരികെ വിട്ടത്.
മനേസറിനടുത്ത് വാടകക്കെടുത്ത സ്ഥലത്ത് ഹിന്ദി സംസാരിക്കുന്ന 40ഉം ഇംഗ്ലീഷ് സംസാരിക്കുന്ന 25ഉം കത്തോലിക്ക കുടുംബങ്ങളാണുള്ളത്. അവർക്കുവേണ്ടി 2021ൽ നിർമിച്ചതാണ് ഈ ചർച്ച്. ഹിന്ദുത്വ തീവ്രവാദികൾ ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ചർച്ച് ഒഴിവാക്കി ഭൂമി ഒഴിഞ്ഞുകൊടുക്കാൻ ഉടമ കത്തോലിക്ക പുരോഹിതനോട് ആവശ്യപ്പെട്ടു.
ഡൽഹിയിൽനിന്ന് 55 കിലോമീറ്റർ അകലെയുള്ള ഗുരുഗ്രാമിലെ ഫാറൂഖ് നഗറിൽ 2020ൽ ഏഴ് കത്തോലിക്ക കുടുംബങ്ങൾ ചേർന്ന് സ്ഥാപിച്ച മറ്റൊരു ചർച്ച് ഒഴിപ്പിക്കാൻ അഞ്ച് ഗ്രാമമുഖ്യന്മാർ പൊലീസിന് നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. തുടർന്ന് ചർച്ചുമായി ബന്ധപ്പെട്ടവരെ പൊലീസ് സ്റ്റേഷനിൽ വിളിപ്പിച്ചപ്പോഴേക്കും ബജ്രംഗ്ദൾ, വിശ്വ ഹിന്ദു പരിഷത്ത്, ഗോരക്ഷസേന തുടങ്ങിയ സംഘടനകളുടെ പ്രവർത്തകരായ 300ഓളം പേർ സംഘടിച്ചെത്തി. പൊലീസ് ആവശ്യപ്പെട്ടതു പ്രകാരം ചർച്ചിന്റെ ഭൂമിയുടെ രേഖകൾ സമർപ്പിച്ചെങ്കിലും അവിടെയും ചർച്ച് അനുവദിക്കില്ലെന്ന നിലപാടിലാണ് ഹിന്ദുത്വ തീവ്രവാദികൾ എന്ന് ശശിധരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.