ബാങ്ക് വിളി വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിൽ ഹിന്ദുത്വ സംഘടന രംഗത്ത്
text_fieldsപനാജി: മുസ്‍ലിംപള്ളികളിൽ ലൗഡ്സ്പീക്കറിലെ ബാങ്ക് വിളി വിലക്കണമെന്ന് ആവശ്യപ്പെട്ട് ഗോവയിൽ ഹിന്ദുത്വ സംഘടന രംഗത്ത്. ലൗഡ്സ്പീക്കറിന്റെ അനധികൃത ഉപയോഗമാണിതെന്നും വിലക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു ജനജാഗൃതി സമിതി നോർത്ത് ഗോവ ജില്ല കലക്ടർക്ക് നിവേദനം നൽകി.
ബാങ്കുവിളിക്ക് അനധികൃതമായി ലൗഡ്സ്പീക്കർ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് നോർത്ത് ഗോവ അഡീഷണൽ കലക്ടർ ഉത്തരവ് ഇറക്കിയിരുന്നുവെന്നും ഇത് ഹൈകോടതി ഉത്തരവിന്റ അടിസ്ഥാനപ്പെടുത്തിയാണെന്നും സംഘടന അവകാശപ്പെടുന്നു. വിഷയത്തിൽ 2021ൽ വരുൺ പ്രിയോൽക്കർ എന്നയാൾ ഹൈകോടതിയിൽ ഹരജി നൽകിയിരുന്നു. ഈ ഹരജിയിൽ നടപടിയെടുക്കണമെന്ന് അഡീഷണൽ കലക്ടർക്ക് കോടതി നിർദേശം നൽകിയിരുന്നു. ഇതേ തുടർന്ന് അഡീഷണൽ കലക്ടർ പള്ളി അധികൃതരോട് വിശദീകരണം ആവശ്യപ്പെടുയും ചെയ്തിരുന്നു.
ശേഷം, മുൻകൂർ അനുമതിയില്ലാതെ ലൗഡ് സ്പീക്കർ ഉപയോഗിക്കരുതെന്ന് ആവശ്യപ്പെട്ട് അഡീഷണൽ കലക്ടർ ഉത്തരവിറക്കി. നിർദേശം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താൻ പൊലീസിനോട് നിർദേശിച്ചിരുന്നുവെന്നും ജനജാഗൃതി സമിതി പറയുന്നു.
എന്നാൽ ഈ നിർദേശങ്ങൾ ലംഘിച്ച് ലൗഡ്സ്പീക്കർ ഉപയോഗിച്ച് ബാങ്കു വിളി തുടരുകയാണെന്നും ഇത് അവസാനിപ്പിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.