‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ’; വിവാദ ട്വീറ്റിന് പിന്നാലെ നടൻ ചേതൻ അറസ്റ്റിൽ
text_fieldsബെംഗളൂരു: ഹിന്ദുത്വക്കെതിരായ ട്വീറ്റ് വിവാദമായതിന് പിന്നാലെ കന്നട നടൻ ചേതൻ അഹിംസ എന്നറിയപ്പെടുന്ന ചേതൻ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിൽ’ എന്ന് തുടങ്ങുന്ന ട്വീറ്റ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ദലിത് ആക്ടിവിസ്റ്റ് കൂടിയായ നടൻ ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി, വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുന്ന രീതിയിൽ പ്രസ്താവന നടത്തി എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ശേഷാദ്രിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത ചേതനെ ജില്ല കോടതിയിൽ ഹാജരാക്കി.
‘‘ഹിന്ദുത്വം കെട്ടിപ്പൊക്കിയത് നുണകളിലാണ്.
സവർക്കർ: രാവണനെ തോൽപ്പിച്ച് രാമൻ അയോധ്യയിൽ തിരിച്ചെത്തിയപ്പോഴാണ് ഇന്ത്യയെന്ന ‘രാജ്യം’ തുടങ്ങുന്നത് -ഒരു നുണ.
1992: രാമന്റെ ജന്മസ്ഥലമാണ് ബാബരി മസ്‌ജിദ് -ഒരു നുണ.
2023: ഉറിഗൗഡ-നഞ്ചെഗൗഡ എന്നിവരാണ് ടിപ്പുവിന്റെ ‘കൊലയാളികൾ’ -ഒരു നുണ.
ഹിന്ദുത്വത്തെ സത്യം കൊണ്ട് മാത്രമേ തോൽപ്പിക്കാനാകൂ -സത്യം എന്നത് തുല്യതയാണ്’’, എന്നിങ്ങനെയായിരുന്നു ചേതന്റെ ട്വീറ്റ്.
ട്വീറ്റിനെതിരെ പരാതി ലഭിച്ചതിന് പിന്നാലെ ചേതനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. കർണാടകയിലെ മുസ്ലിം വിദ്യാർഥിനികളുടെ ഹിജാബ് നിരോധിച്ച ഹൈകോടതി വിധിക്കെതിരായ ഹരജി പരിഗണിക്കുന്ന സുപ്രീംകോടതി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്തിനെ വിമർശിച്ചതിന്റെ പേരിൽ കഴിഞ്ഞ വർഷം ജനുവരിയിലും ചേതനെ അറസ്റ്റ് ചെയ്തിരുന്നു.
യു.എസ് പൗരത്വമുള്ള ചേതൻ ദലിത് ആക്ടിവിസ്റ്റാണ്. ഹിന്ദുത്വയുടെ കടുത്ത വിമർശകനായ അദ്ദേഹം സാമൂഹിക-മനുഷ്യാവകാശ പ്രവർത്തകനുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.