തെലങ്കാനയിൽ സ്കൂളിനുനേരെ ഹിന്ദുത്വ ആക്രമണം; ജയ് ശ്രീറാം വിളിച്ചെത്തിയവർ മദർ തെരേസയുടെ രൂപം അടിച്ചു തകർത്തു
text_fieldsഹൈദരാബാദ്: തെലങ്കാനയിലെ ലക്സേറ്റിപ്പെട്ടിൽ മദർ തെരേസാ ഇംഗ്ലീഷ് മീഡിയം സ്കൂളിന് നേരേ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. സ്‌കൂൾ യൂനിഫോമിന് പകരം ഏതാനും വിദ്യാർഥികൾ മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്നത് അധ്യാപകർ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.
അക്രമികൾ സ്കൂളിലേക്ക് അതിക്രമിച്ചുകയറി ഉപകരണങ്ങൾ തല്ലിത്തകർത്തു. കെട്ടിടത്തിന് മുകളിൽ കാവിക്കൊടി കെട്ടിയ അക്രമികൾ, മദർ തെരേസയുടെ രൂപം അടിച്ചു തകർക്കുകയും മലയാളി വൈദികനെ മർദിക്കുകയും ചെയ്തു. ജയ് ശ്രീറാം വിളിച്ചെത്തിയ നൂറോളം പേരാണ് സ്കൂളിന് നേരേ അക്രമം നടത്തിയത്. കഴിഞ്ഞദിവസം രാവിലെ എട്ടരയോടെയായിരുന്നു സംഭവം.
മറ്റു കുട്ടികളെല്ലാം യൂനിഫോം ധരിച്ച് എത്തിയപ്പോൾ പത്തോളം പേർ മതപരമായ വസ്ത്രം ധരിച്ചാണ് സ്കൂളിൽ എത്തിയത്. ഈ കുട്ടികളുടെ മാതാപിതാക്കളോട് സംസാരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. തൊട്ടടുത്ത ദിവസമാണ് ഹിന്ദുത്വ വാദികൾ സംഘം ചേർന്ന് സ്കൂളിലെത്തി അക്രമം നടത്തിയത്. രാവിലെ ക്ലാസ് തുടങ്ങുന്ന സമയം ജയ് ശ്രീറാം വിളിച്ച് സ്‌കൂളിലേക്ക് അതിക്രമിച്ചു കയറി.
മദർ തെരേസയുടെ രൂപത്തിനു നേരെ കല്ലെറിയുകയും അടിച്ചുതകർക്കുകയും ചെയ്തു. സ്‌കൂൾ മാനേജറെ കൊണ്ട് നിർബന്ധിച്ചു ജയ് ശ്രീറാം വിളിപ്പിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.