ഔറംഗസീബിന്റെ കുടീരം പൊളിക്കണമെന്ന് ഹിന്ദുത്വ സംഘടനകൾ
text_fieldsമുംബൈ: ഔറംഗസീബിന്റെ ശവകുടീരം പൊളിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ രംഗത്ത്. ബജ്റങ്ദൾ, വിശ്വഹിന്ദു പരിഷത്ത്, ധർമവീർ സംഭാജി മഹാരാജ് പ്രതിഷ്ഠാൻ സംഘടനകളാണ് രംഗത്തുള്ളത്. ശവകുടീരം മഹാരാഷ്ട്ര സർക്കാർ നീക്കിയില്ലെങ്കിൽ ‘കർസേവ’യും പ്രതിഷേധവും നടത്തുമെന്നാണ് മുന്നറിയിപ്പ്. തുടർന്ന് പ്രദേശത്ത് നിയന്ത്രണം ഏർപ്പെടുത്തിയ ഛത്രപതി സംഭാജി നഗർ ജില്ല ഭരണകൂടം ധർമവീർ സംഭാജി മഹാരാജ് പ്രതിഷ്ഠാൻ അധ്യക്ഷൻ മിലിന്ദ് എക്ബോട്ടെക്ക് പ്രവേശനം നിഷേധിച്ച് ഉത്തരവുമിറക്കി. തിങ്കളാഴ്ച മുതൽ ഏപ്രിൽ അഞ്ചു വരെയാണ് നിരോധനം.
ഛത്രപതി സംഭാജി നഗറിലെ (ഔറംഗാബാദ്) ഖുൽദാബാദിലാണ് ശവകുടീരമുള്ളത്. സമാജ് വാദി പാർട്ടി മഹാരാഷ്ട്ര എം.എൽ.എ ഔറംഗസീബിനെ വാഴ്ത്തിയതോടെയാണ് ശവകുടീരവുമായി ബന്ധപ്പെട്ട വിവാദം വീണ്ടും ഉയരുന്നത്. മറാത്ത ചക്രവർത്തി ശിവജിയുടെ പിന്മുറക്കാരനായ ബി.ജെ.പി എം.പി ഉദയൻരാജെ ഭോസ്ലെയും ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ടതോടെ വിഷയം മറ്റുള്ളവർ ഏറ്റുപിടിച്ചു.
അതേസമയം, ശവകുടീരം നീക്കുന്നത് ഒരു ഗുണവും ചെയ്യില്ലെന്ന് കേന്ദ്ര സഹമന്ത്രിയും റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ) അധ്യക്ഷനുമായ രാംദാസ് അത്താവാലെ പ്രതികരിച്ചു. ഔറംഗസീബ് ക്രൂരനായിരുന്നു. ഔറംഗസീബിന്റെ ശവകുടീരം വർഷങ്ങളായി ഇവിടെയുണ്ട്. വിഷയം വീണ്ടും കുത്തിപ്പൊക്കേണ്ടതില്ല- അത്താവാലെ പറഞ്ഞു. ബി.ജെ.പി അടക്കം ഒരുപാർട്ടിയും വിഷയം രാഷ്ട്രീയമാക്കരുതെന്നും കൂട്ടിച്ചേർത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.