വിവാദ ഹിന്ദുത്വ വിധി പുന:പരിശോധിക്കുന്നു
text_fieldsന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ‘ഹിന്ദുത്വം’ ഉപയോഗിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്‍െറ ലംഘനമാകുമോ എന്ന കാര്യം പരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ശിവസേനാ നേതാക്കളായ ബാല്‍ താക്കറെയും മനോഹര്‍ ജോഷിയും ഹിന്ദുത്വ പ്രചാരണം നടത്തിയതിനെതിരെ സമര്‍പ്പിച്ച ഹരജി തള്ളണമെന്ന ആവശ്യം നിരാകരിച്ച പ്രത്യേക ഭരണഘടനാ ബെഞ്ച് മതത്തിന്‍െറ പേരില്‍ വോട്ടുപിടിക്കുന്നത് അഴിമതിയാകുമോ എന്ന വിഷയത്തില്‍ വിശദമായി വാദംകേള്‍ക്കുമെന്നും വ്യക്തമാക്കി.
ബോംബെ ഹൈകോടതി വിധിക്കെതിരെ ശിവസേന സമര്‍പ്പിച്ച അപ്പീലില്‍ 1996ല്‍ സുപ്രീംകോടതിയിലെ ജസ്റ്റിസ് ജെ.എസ്. വര്‍മ അധ്യക്ഷനായ ബെഞ്ച് ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായാണ് വിധിച്ചിരുന്നത്. ഈ വിധി പുനഃപരിശോധിക്കാന്‍ സമര്‍പ്പിച്ച ഹരജി തള്ളണമെന്ന ശിവസേനയുടെ ആവശ്യമാണ് ഭരണഘടനാ ബെഞ്ച് നിരാകരിച്ചത്. ശിവസേനയുടെ അഭിഭാഷകന്‍ അരവിന്ദ് ദതാര്‍, ഹരജി തള്ളണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, വിഷയം സുപ്രീംകോടതി വിപുലമായ ബെഞ്ചിന് വിട്ട സ്ഥിതിക്ക് ഹരജിയുമായി മുന്നോട്ടുപോകുമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ അധ്യക്ഷനായ ബെഞ്ച് മറുപടി നല്‍കി.
ഒരു മതസമുദായത്തില്‍ സ്വാധീനമുള്ള നേതാവ് അവര്‍ക്കിടയില്‍ പോയി തങ്ങളുടെ വിഭാഗത്തില്‍പെടുന്നയാള്‍ക്ക് വോട്ടു ചെയ്യണമെന്ന് പറയുന്നത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയായി കാണാമോ എന്നതാണ് സുപ്രീംകോടതിക്കു മുന്നിലുള്ള പ്രധാന ചോദ്യമെന്ന് ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു.
പരിശോധിക്കുന്നത് ബി.ജെ.പിയുടെ തുറുപ്പുശീട്ട്
ഹിന്ദുത്വ പ്രചാരണത്തിന് ബി.ജെ.പി ഉപയോഗിക്കുന്ന തുറുപ്പുശീട്ടായ ജസ്റ്റിസ് ജെ.എസ്. വര്‍മയുടെ ഹിന്ദുത്വ വിധിയാണ് സുപ്രീംകോടതി ബെഞ്ച് പുനഃപരിശോധിക്കുന്നത്. 1987ല്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ശിവസേനാ നേതാക്കള്‍ ഹിന്ദുത്വ പ്രചാരണം നടത്തിയതിനെതിരെ സമര്‍പ്പിച്ച ഹരജിയോടെയാണ് കേസിന്‍െറ തുടക്കം. മുംബൈയിലെ വിലെ പാര്‍ലെ മണ്ഡലത്തിലെ ശിവസേനാ സ്ഥാനാര്‍ഥി മഹാരമേശ് യശ്വന്ത് പ്രഭുവിനു വേണ്ടി നടത്തിയ പ്രചാരണങ്ങളില്‍ ബാല്‍ താക്കറെയും വലംകൈ മനോഹര്‍ ജോഷിയും നടത്തിയ വര്‍ഗീയ പ്രസംഗങ്ങളാണ് കേസിനാധാരം.
‘ഈ തെരഞ്ഞെടുപ്പ് ഹിന്ദുത്വത്തിന്‍െറ സംരക്ഷണത്തിനാണ്. അതിനാല്‍, മുസ്ലിംകളുടെ വോട്ട് നാം ശ്രദ്ധിക്കുന്നില്ല. ഈ രാജ്യം ഹിന്ദുക്കളുടേതാണ്. അതങ്ങനത്തെന്നെ തുടരും. ആരെങ്കിലും ഹിന്ദുക്കള്‍ക്കെതിരെ നിലകൊണ്ടാല്‍ അവന്‍ ഇവിടം വിട്ടുപോകേണ്ടി വരും. അതല്ളെങ്കില്‍ ഷൂകൊണ്ട് അവനെ ആരാധിക്കും’ എന്നിങ്ങനെയായിരുന്നു താക്കറെയുടെ പ്രസംഗം.
ആദ്യത്തെ ഹിന്ദുരാഷ്ട്രം മഹാരാഷ്ട്രയില്‍ സ്ഥാപിക്കുമെന്ന് മനോഹര്‍ ജോഷിയും പ്രസംഗിച്ചു. ബാല്‍ താക്കറെയും മനോഹര്‍ ജോഷിയും തെരഞ്ഞെടുപ്പിലെ അഴിമതിക്കെതിരെയുള്ള ജന പ്രാതിനിധ്യ നിയമത്തിന്‍െറ 123(3) വകുപ്പ് ലഘിച്ചുവെന്നാരോപിച്ച് സമര്‍പ്പിച്ച ഹരജിയില്‍ ബോംബെ ഹൈകോടതി ശിവസേനാ നേതാവിന്‍െറ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കുകയുണ്ടായി.
ഈ വിധിക്കെതിരെ ശിവസേന സമര്‍പ്പിച്ച അപ്പീലില്‍ ജസ്റ്റിസ് ജെ.എസ്. വര്‍മ അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഹിന്ദുത്വവാദികള്‍ക്ക് അനുകൂലമായി വിധിച്ചു. താക്കറെയും മനോഹര്‍ ജോഷിയും നടത്തിയ പ്രസംഗങ്ങള്‍ മതത്തിന്‍െറ പേരിലുള്ള വോട്ടുപിടിത്തം അല്ളെന്നും ഹിന്ദുത്വത്തിന്‍െറ പേരിലായിരുന്നുവെന്നും ഹിന്ദുത്വം ഇന്ത്യന്‍ സംസ്കാരമാണെന്നും ഹിന്ദുമതമല്ളെന്നും വിധിയില്‍ ജെ.എസ്. വര്‍മ വിശദീകരിച്ചു. ഈ വിധിയാണ് ഭാരതീയ ജനതാ പാര്‍ട്ടി ഹിന്ദുത്വ പ്രചാരണത്തിനുള്ള സുപ്രീംകോടതിയുടെ പച്ചക്കൊടിയായി കാണിക്കാറ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.