'അദ്ദേഹത്തിന്‍റെ അഭാവം ഉൾക്കൊള്ളാനാവുന്നില്ല'; രത്തൻ ടാറ്റയുടെ വിയോഗത്തിൽ ആനന്ദ് മഹീന്ദ്ര
text_fieldsവ്യവസായ പ്രമുഖനും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായ രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. സമൂഹ മാധ്യമമായ എക്സിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. രത്തൻ ടാറ്റയുടെ മരണം അവിശ്വസനീയമാണ്. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിന്റെ ചരിത്രപരമായ വളർച്ചയിൽ എത്തി നിൽക്കുകയാണ്. ഇതിൽ ഏറെ നിർണായകമായ പങ്കുവഹിച്ച ആളാണ് രത്തൻ ടാറ്റ. രത്തൻ ടാറ്റ വിട പറയുമ്പോൾ ഇനി അദ്ദേഹത്തിന്റെ മാർഗങ്ങൾ പിന്തുടരുകയാണ് നമുക്ക് ചെയ്യാൻ കഴിയുന്ന ഏക കാര്യം. ഇതിഹാസങ്ങൾക്ക് മരണമില്ലെന്നും ആനന്ദ് മഹീന്ദ്ര എക്സിൽ കുറിച്ചു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിയും രത്തൻ ടാറ്റയുടെ മരണത്തിൽ അനുശോചനം അറിയിച്ചു. ആധുനിക ഇന്ത്യയുടെ പാതയെ പുനർ നിർവചിച്ച അതികായനെയാണ് ഇന്ത്യക്ക് നഷ്ടമായതെന്ന് ഗൗതം അദാനി എക്സിൽ കുറിച്ചു. വെറുമൊരു വ്യവസായി എന്നതിലുപരി അനുകമ്പയിലൂടെയും ദയയിലൂടെയും പ്രതിബദ്ധതയിലൂടെയും ഇന്ത്യയുടെ ആത്മാവിനെയാണ് അദ്ദേഹം പ്രതിനിധാനം ചെയ്യുന്നത്. ഇനി എത്രകാലം കഴിഞ്ഞാലും അദ്ദേഹത്തെ പോലെയുള്ള ഇതിഹാസങ്ങൾ മായില്ലെന്നും ഗൗതം അദാനി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം രക്തസമ്മർദ നില താഴ്ന്നതിനെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡ് ആശുപത്രിയിൽ വെച്ചായിരുന്നു രത്തൻ ടാറ്റ മരണത്തിന് കീഴടങ്ങിയത്. 1937 ഡിസംബർ 28ന് മുംബൈയിരുന്നു രത്തൻ ടാറ്റയുടെ ജനനം. പിതാവ് നേവൽ ടാറ്റ. നീണ്ട 21 വർഷം ടാറ്റയെ നയിച്ച അദ്ദേഹത്തിന്റെ കാലത്ത് കമ്പനിയുടെ വരുമാനം 40 മടങ്ങ് വർധിച്ചു. ലാഭം 50 മടങ്ങും കൂടി. 75 വയസ്സ് പൂർത്തിയായ 2012ലാണ് ടാറ്റ ഗ്രൂപ്പിന്റെ എക്സിക്യൂട്ടിവ് അധികാരങ്ങൾ വിട്ടൊഴിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.