ബിൽക്കീസ് ബാനു കേസിലെ പ്രതികളെ പുറത്ത് വിട്ടവരാണ് സ്ത്രീസുരക്ഷയെ കുറിച്ച് പറയുന്നത്; മോദിക്കെതിരെ ഉവൈസി
text_fieldsഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ രൂക്ഷവിമർശനവുമായി എ.ഐ.എം.ഐ.എം പ്രസിഡന്റും ഹൈദരാബാദ് എം.പിയുമായ അസദുദ്ദീൻ ഉവൈസി. വനിത സുരക്ഷയെ കുറിച്ചുള്ള പ്രസംഗത്തിലെ പരാമർശങ്ങളിലാണ് ഉവൈസി രൂക്ഷവിമർശനം ഉന്നയിച്ചത്.
പ്രധാനമന്ത്രി പോലും സ്ത്രീകളുടെ സുരക്ഷ ഗൗരവമായി കാണുന്നില്ല. പിന്നെങ്ങനെ സമൂഹത്തിൽ മാറ്റമുണ്ടാകുമെന്ന് ഉവൈസി ചോദിച്ചു. എക്സിലൂടെയായിരുന്നു ഉവൈസിയുടെ വിമർശനം.
ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയക്കാൻ അനുമതി നൽകിയത് പ്രധാനമന്ത്രിയുടെ സർക്കാരാണ്. 15 വർഷമാണ് ബിൽക്കീസ് ബാനു നീതിക്കായി പോരാടിയതെന്നും ഉവൈസി പറഞ്ഞു. ലൈംഗികാതിക്രമ കേസിലെ പ്രതിയായ പ്രജ്വൽ രേവണ്ണയെ മോദി പിന്തുണച്ചു. രേവണ്ണക്ക് വേണ്ടി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തുകയും ചെയ്തുവെന്നും ഉവൈസി പറഞ്ഞു.
ബി.ജെ.പിയുടെ നേതാക്കൾ ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട് പിന്നീട് അവർ ജയിൽമോചിതരാവുമ്പോൾ മാലയിട്ടാണ് പാർട്ടി സ്വീകരിക്കുന്നത്. ഇത് ക്രിമിനലുകൾക്ക് എന്ത് സന്ദേശമാണ് നൽകുകയെന്നും ഉവൈസി ചോദിച്ചു.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിൽ വിശദമായ അന്വേഷണം നടത്തി പ്രതികൾക്ക് ശക്തമായ ശിക്ഷ നൽകണമെന്ന് മോദിആവശ്യപ്പെട്ടിരുന്നു. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾക്കെതിരെ രാജ്യത്ത് വലിയ രോഷം ഉയരുന്നുണ്ട്. അത് തനിക്ക് മനസിലാക്കാൻ സാധിക്കുന്നുണ്ടെന്നും നരേന്ദ്ര മോദി കഴിഞ്ഞ ദിവസം നടത്തിയ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.