ചരിത്ര വിധി; രാജ്യദ്രോഹ നിയമം സുപ്രീംകോടതി മരവിപ്പിച്ചു
text_fieldsന്യൂഡൽഹി: രാജ്യദ്രോഹ നിയമപ്രകാരം കേസെടുക്കുന്നതും നിലവിലെ കേസുകളിൽ വിചാരണ തുടരുന്നതും സുപ്രീംകോടതി തടഞ്ഞു. ജയിലിൽ കഴിയുന്നവർക്ക് ജാമ്യത്തിന് വിചാരണ കോടതിയെ സമീപിക്കാം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ വകുപ്പിന്റെ കാര്യത്തിൽ കേന്ദ്രസർക്കാറിന്റെ പുനഃപരിശോധന നടപടി പൂർത്തിയാകുന്നതുവരെ വിലക്ക് തുടരും.
കേന്ദ്രസർക്കാറിന്റെ എതിർപ്പ് തള്ളി ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവർ അടങ്ങിയ മൂന്നംഗ ബെഞ്ചാണ് പൗരസ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ നാഴികക്കല്ലായി മാറിയ ഇടക്കാല വിധി പുറപ്പെടുവിച്ചത്. 800ൽപരം രാജ്യദ്രോഹ കേസുകളിലായി 13,000ൽപരം പേരാണ് വിവിധ സംസ്ഥാനങ്ങളിൽ ജയിലിൽ കഴിയുന്നത്.
കടുത്ത ദുരുപയോഗം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിരവധി ഹരജികളിലൂടെ ചോദ്യം ചെയ്തിരിക്കുന്ന വിവാദ 124-എ വകുപ്പ് തൽക്കാലം മരവിപ്പിക്കുകയാണ് കോടതി ചെയ്തത്. ഈ വകുപ്പു പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പുതിയ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുകയോ, അന്വേഷണം തുടരുകയോ, സമ്മർദ നടപടി സ്വീകരിക്കുകയോ ചെയ്യരുത്. പുതിയ കേസ് രജിസ്റ്റർ ചെയ്താൽ ബന്ധപ്പെട്ടവർക്ക് കോടതി സമീപിക്കാം.
രാജ്യദ്രോഹ നിയമം പുനഃപരിശോധിച്ച് സർക്കാർ കോടതിയെ വിവരം അറിയിക്കുകയും കോടതി മറ്റൊരു ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്യുന്നതുവരെ ഇപ്പോഴത്തെ വിധിനിലനിൽക്കും. രാജ്യദ്രോഹ നിയമ ദുരുപയോഗം തടയാൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി കേന്ദ്രസർക്കാറിന് മാർഗനിർദേശം ഇറക്കാമെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.