ഹിറ്റ്‌ലറും സസ്യാഹാരിയായിരുന്നെന്ന് മദ്രാസ് ഹൈകോടതി; പുറം കാഴ്ചകൾ കൊണ്ട് ഒരാളെയും വിലയിരുത്താനാകില്ല
text_fieldsഅനവധി ലക്ഷം മനുഷ്യരെ കൊന്നൊടുക്കിയ അഡോൾഫ് ഹിറ്റ്‌ലർ സസ്യാഹാരിയും മൃഗങ്ങളെ ഉപദ്രവിക്കുന്നതിനെ എതിർത്തയാളുമായിരുന്നെന്ന് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച്. പുറം കാഴ്ചകൾ കൊണ്ട് ഒരാളെ വിലയിരുത്താനാകില്ലെന്നും അതിരുവിട്ട ക്രൂരതകൾ കാണിക്കുന്ന ഒരാൾക്ക് സാധാരണ മാനസിക നിലയിലേക്ക് തിരിച്ചുവരാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. ഏഴു വയസുകാരിയെ പീഡിപ്പിച്ച് കൊന്ന യുവാവിെൻറ വധശിക്ഷ ശരിവച്ചായിരുന്നു കോടതിയുടെ നിരീക്ഷണം.
തമിഴ്‌നാട്ടിലെ പുതുകോട്ടയിൽ എഴു വയസുകാരിയായ ദലിത് ബാലികയെ 26കാരൻ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ വിചാരണാകോടതിയുടെ വിധിക്കെതിരായ ഹരജിയിൽ വിധിപറയുകയായിരുന്നു മദ്രാസ് ഹൈക്കോടതി. വിചാരണാകോടതി വിധിച്ച വധശിക്ഷ ഒഴിവാക്കാനാകുമോ എന്നാണ് തങ്ങൾ പരിശോധിച്ചതെന്നും എന്നാൽ, അതിരുവിട്ട ക്രൂരത ചെയ്തയാൾക്ക് തിരിച്ചുവരാനാകില്ലെന്നാണ് കരുതുന്നതെന്നും ജസ്റ്റിസുമാരായ എസ് വൈദ്യനാഥനും ജി ജയചന്ദ്രനുമടങ്ങിയ ബെഞ്ച് വ്യക്തമാക്കി.
ഭഗവദ്ഗീതയിലെയും ഖുർആനിലെയും ബൈബിളിലെയും കവി തിരുവള്ളുവരുടെയും വരികൾ വിവരിച്ചുള്ള കോടതി വിധിയിൽ 1964 ലെ സനിമാ ഗാനവുമുണ്ട്. വിവിധ സുപ്രീംകോടതി ഉത്തരവുകൾകൂടി ഉദ്ധരിച്ച് അപൂർവങ്ങളിൽ അപൂർവം കേസാണിതെന്ന് ചൂണ്ടിക്കാട്ടി പ്രതിയുടെ വധശിക്ഷ ശരിവെക്കുകയായിരുന്നു.
2020 ജൂൺ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജ എന്ന സാമിവേൽ പട്ടികജാതിക്കാരിയായ ബാലികയെ ഒരു ക്ഷേത്രത്തിലേക്ക് പിടിച്ചുകൊണ്ടുപോയി ആളില്ലാത്ത സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തെക്കുറിച്ച് കുട്ടി വെളിപ്പെടുത്തിയേക്കാമെന്ന ഭയത്താൽ സ്ഥലത്തുണ്ടായിരുന്ന ഒരു മരത്തിൽ കുട്ടിയുടെ തലയിടിച്ചു കൊലപ്പെടുത്തുകയും ചെയ്തു. മുഖവും ശരീരഭാഗങ്ങളുമെല്ലാം വികൃതമാക്കിയ ശേഷം ഗ്രാമത്തിലെ വറ്റിവരണ്ട കുളത്തിൽ ഉപേക്ഷിച്ചു. തുടർന്ന് മൃതദേഹം ആളുകളുടെ ശ്രദ്ധയിൽനിന്ന് മറയ്ക്കാൻ പൊന്തയും കുറ്റിച്ചെടികളും കൊണ്ടുമൂടുകയായിരുന്നു.
കുട്ടിയെ രാജ കൂട്ടികൊണ്ടു പോകുന്നത് കണ്ടുവെന്ന ഒരു ദൃസാക്ഷി മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. രക്തം പുരണ്ട രാജയുടെ വസ്ത്രങ്ങളടക്കം പിന്നീട് കണ്ടെത്തി. സമാനതകളില്ലാത്ത ക്രൂരതയാണ് പ്രതി ചെയ്തതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണെന്ന് വധ ശിക്ഷ ശരിവെച്ച വിധിയിൽ കോടതി ചൂണ്ടികാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.