തിരിച്ചെത്തുന്ന തൊഴിലാളികൾക്ക് എയ്ഡ്സ് പരിശോധന നടത്തുമെന്ന് ഒഡിഷ
text_fieldsബെർഹാംപുർ: ലോക്ഡൗണിനിടെ സംസ്ഥാനത്തേക്ക് മടങ്ങുന്ന എല്ലാ അന്തർ സംസ്ഥാന തൊഴിലാളികളെയും എച്ച്.ഐ.വി പരിശോധനക്ക് വിധേയമാക്കുമെന്ന് ഒഡീഷ. ഇതുസംബന്ധിച്ച് സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി (ഒ.എസ്.എ.സി.എസ്) ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി.
സംസ്ഥാനത്ത് 10 ലക്ഷത്തോളം തൊഴിലാളികൾ മടങ്ങിയെത്തുമെന്നാണ് കണക്കാക്കുന്നത്. ക്വാറൻറീനിൽ കഴിയുന്ന ഇവരുടെ സാമ്പിളുകൾ ശേഖരിക്കാൻ 48 എൻ.ജി.ഒകളോടും ആറ് ലിങ്ക് വർക്കേഴ്സ് സ്കീമുകളോടും ഒ.എസ്.എ.സി.എസ് സഹായം തേടിയിട്ടുണ്ട്. ഇൻറഗ്രേറ്റഡ് കൗൺസിലിങ് ആൻഡ് ടെസ്റ്റിങ് സെൻററുകളുമായി സഹകരിച്ചാണ് എച്ച്.ഐ.വി പരിശോധന നടത്തുക.
ഒഡീഷയിലെ എച്ച്.ഐ.വി ബാധിതരിൽ 36 ശതമാനവും ഗഞ്ചം ജില്ലയിലുള്ളവരാണ്. ഇവരിൽ അധികവും അന്തർ സംസ്ഥാന തൊഴിലാളികളാണെന്ന് എയ്ഡ്സ് കൺട്രോൾ സൊസൈറ്റി പറയുന്നു. ഗുജറാത്തിലെ സൂറത്തിൽ ജോലി ചെയ്യുന്നവരാണ് കൂടുതലും. അതേസമയം, 40,000ത്തിലധികം തൊഴിലാളികൾ ഇതിനകം തിരിച്ചെത്തിയ ഗഞ്ചം പോലുള്ള ജില്ലകളിൽ പരിശോധന നടത്തുന്നത് പ്രയാസകരമാണെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.