ഹിസ്ബുൾ നേതാവിന്‍റെ വധം: സംഘർഷം രൂക്ഷം, ഒരാൾ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ സബ്സർ അഹ്മദ് ഭട്ടിന്‍റെ വധത്തിൽ പ്രതിഷേധിച്ച് കശ്മീർ താഴ്വരയിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഭട്ട് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടെന്ന വാർത്ത സ്ഥിരീകരിച്ചതു മുതൽ കശ്മീരിലെ പുൽവാമ, ഷോപിയാൻ, അനന്ത്നാഗ്, സോബോർ, കുപ് വാര, ശ്രീനഗർ എന്നീ പ്രദേശങ്ങളിലെല്ലാം ജനങ്ങളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ നടന്നതായി റിപ്പോർട്ടുണ്ട്. മൊബൈൽ, ഇന്‍റർനെറ്റ് ബന്ധങ്ങളെല്ലാം സർക്കാർ വിച്ഛേദിച്ചിട്ടുണ്ട്. രണ്ട് ദിവസത്തേക്ക് കടകളടച്ചിടാൻ വിഘടനവാദി ഗ്രൂപുകളും ആഹ്വാനം ചെയ്തിട്ടുണ്ട്.
ത്രാലിൽ വ്യാഴാഴ്ച പുലർച്ചെ നടന്ന ഏറ്റുമുട്ടലിലാണ് ബുർഹാൻ വാനിയുടെ പിൻഗാമിയായ സബ്സർ അഹ്മദ് ഭട്ട് കൊല്ലപ്പെട്ടത്. പാക് അധീന കശ്മീരിൽ നിന്ന് നുഴഞ്ഞുകയറിയ ആറ് തീവ്രവാദികളെ സൈന്യം വധിച്ച വാർത്ത വന്നതിന് തൊട്ടുപിറകെയാണ് ഭട്ടിന്‍റെ മരണവും സ്ഥിരീകരിച്ചത്.
ഏറ്റുമുട്ടലുകളെ നിയമവിധേയമല്ലാത്ത കൂട്ടക്കൊല എന്നാണ് പാകിസ്താൻ വിശേഷിപ്പിച്ചത്. നിസ്സഹായരായ കശ്മീരികളെ ഇന്ത്യ ദയാരഹിതമായി കൊന്നൊടുക്കുകയാണെന്നും ഇക്കാര്യത്തിൽ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടു. തീവ്രവാദികൾക്ക് പരിശീലനം നൽകി കശ്മീരിൽ പാകിസ്താൻ നടത്തുന്ന നിഴൽയുദ്ധം അവസാനിപ്പിക്കണമെന്ന് ഇന്ത്യയും തിരിച്ചടിച്ചു.
ബുർഹാൻ വാനിയുടെ വധത്തിന് ശേഷം കശ്മീർ താഴ്വരയിൽ ഇന്ത്യ വിരുദ്ധ വികാരം ശക്തമായിരിക്കുകയാണ്. തുടർന്നുണ്ടായ തെരുവുയുദ്ധത്തിൽ ഏകദേശം നൂറോളം പേർ കൊല്ലപ്പെടുകയും സൈന്യത്തിന്‍റെ പെല്ലറ്റ് ആക്രമണത്തിൽ നിരവധി പേർക്ക് കാഴ്ച നഷ്ടപ്പെടുകയുമുണ്ടായി.
സൈന്യത്തിന്‍റെ മനുഷ്യാവകാശ ധ്വംസന പ്രവർത്തനങ്ങൾ താഴ്വയിലെ ജനങ്ങളെ കൂടുതൽ പ്രകോപിതരാക്കുകയാണ്. അടുത്തിടെയാണ് കല്ലേറ് തടയാനെന്ന പേരിൽ ഒരു കശ്മീരി യുവാവിനെ ജീപ്പിന് മുന്നിൽ കെട്ടിയിട്ട് സൈന്യം പ്രദർശിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.