വെന്തുരുകുന്ന വെയിലിൽ ഇരുന്നവരെ പ്രശംസിച്ച് അമിത് ഷാ; പിന്നാലെ 13 മരണം, 50 പേർ ആശുപത്രിയിൽ -VIDEO
text_fieldsമുംബൈ: ശരീരം വെന്തുരുകുന്ന വെയിലിൽ തടിച്ചുകൂടിയ ലക്ഷക്കണക്കിനാളുകളെ വാനോളം പുകഴ്ത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസംഗിച്ചതിനു പിന്നാലെ സൂര്യതപമേറ്റ് മരിച്ചത് 13 പേർ. ഗുരുതര പരിക്കേറ്റ 50ഓളം പേർ ഇപ്പോഴും ചികിത്സയിലാണ്. മഹാരാഷ്ട്ര സർക്കാർ സംഘടിപ്പിച്ച അവാർഡ് ദാന ചടങ്ങിലാണ് വെയിലിനെ പ്രതിരോധിക്കാൻ പന്തൽ പോലും ഒരുക്കാതെ ജനങ്ങളെ കൊലക്ക് കൊടുത്തത്. തന്റെ ജീവിതത്തിൽ ഇതുവരെ ഇത്രയും ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്ത ചടങ്ങ് കണ്ടിട്ടില്ലെന്ന് പറഞ്ഞാണ് പരിപാടിയിൽ മുഖ്യാതിഥിയായ അമിത് ഷാ പുകഴ്ത്തൽ ആരംഭിക്കുന്നത്. ‘42 ഡിഗ്രി സെന്റിഗ്രേഡിൽ ശരീരം ഉരുകുന്ന ചൂടിൽ ഇരിക്കുന്ന ലക്ഷക്കണക്കിന് ജനങ്ങളെ അഭിനന്ദിക്കുന്നു’വെന്നും അദ്ദേഹം പറയുന്നുണ്ട്.
अमित शाह जी जिस भीड़ को देखकर गदगद हैं। इस भीड़ में शामिल 11 लोगों की मौत हो गई।
— Congress (@INCIndia) April 17, 2023
42 डिग्री सेल्सियस में खुले में लोगों को बैठाया गया, लोग बेहोश होते रहे, भाषण चलता रहा।
इस खबर पर न कोई चर्चा है, न कोई TV डिबेट। देश 'सब चंगा सी' मोड में चल रहा है। pic.twitter.com/7ydrmw55Pz
ഞായറാഴ്ച മുംബൈ ഖാർഘറിൽ നടന്ന മഹാരാഷ്ട സർക്കാറിന്റെ ‘മഹാരാഷ്ട്ര ഭൂഷൺ 2022’ അവാർഡ് സമർപ്പണ ചടങ്ങിനിടെയായിരുന്നു സംഭവം. സാമൂഹിക പ്രവർത്തകനായ അപ്പാസാഹേബ് ദത്താത്രേയ നാരായൺ ധർമ്മാധികാരി(77)ക്കാണ് മെഡലും പ്രശസ്തി പത്രവും 25 ലക്ഷം രൂപയും അടങ്ങുന്ന അവാർഡ് നൽകിയത്. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന മന്ത്രിമാർ എന്നിവരുടെ സാന്നിധ്യത്തിൽ കേന്ദ്രമന്ത്രി അമിത് ഷായാണ് പുരസ്‌കാരം സമ്മാനിച്ചത്. ഖാർഘറിലെ 206 ഏക്കറോളം വരുന്ന പാർക്കിലായിരുന്നു പരിപാടി.
സ്ത്രീകളും കുട്ടികളും വൃദ്ധരുമടക്കമുള്ള അപ്പാസാഹിബിന്റെ 20 ലക്ഷത്തോളം അനുയായികൾ ചടങ്ങിൽ സംബന്ധിച്ചിരുന്നു. രാവിലെ എട്ടുമണിമുതൽ പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ ഇവർ പന്തൽ പോലുമില്ലാതെ പൊരിവെയിലിൽ വെറും നിലത്തിരുന്നാണ് പ്രസംഗം ശ്രവിച്ചത്. ആയിരത്തോളം വി.വി.ഐ.പിമാർക്ക് മാത്രം പന്തൽ കെട്ടി തണലൊരുക്കിയിരുന്നു. രാവിലെ 11.30ഓടെ ആരംഭിച്ച അവാര്‍ഡ് ദാന ചടങ്ങ് ഉച്ചയ്ക്ക് 1 മണിയോടെയാണ് സമാപിച്ചത്.
42 ഡിഗ്രി സെൽഷ്യസ് ചൂടിൽ ഇരുത്തിയ ആളുകൾ തളർന്നുവീഴുമ്പോഴും അമിത് പ്രസംഗം തുടർന്നുകൊണ്ടിരുന്നതായും ഇത് മാധ്യമങ്ങളാരും ചർച്ച ചെയ്യുന്നില്ലെന്നും കോൺഗ്രസ് ചൂണ്ടിക്കാട്ടി. ആൾക്കൂട്ടത്തെക്കുറിച്ചും രൂക്ഷമായ വെയിലിനെ കുറിച്ചും അമിത് ഷാ പറയുന്ന വീഡിയോ പങ്കുവെച്ചാണ് കോൺഗ്രസിന്റെ വിമർശനം.
“ഇത്രവലിയ മൈതാനത്തിലും പിറകിലുള്ള റോഡിലും അതിന് പിറകിലുള്ള വലിയ മൈതാനത്തിലും ലക്ഷക്കണക്കിനാളുകൾ വെന്തുരുകുന്ന 42 ഡിഗ്രിയോളം ചൂടിനെ വകവെക്കാതെ ഇരിക്കുന്നത് ഞാൻ കാണുന്നു. ഈ മാതാക്കളും സഹോദരികളും സഹോദരങ്ങളും ധർമ്മാധികാരിയുടെ സേവനത്തോടുളള മതിപ്പ് കാരണമാണ് ഇവിടെ എത്തിച്ചേർന്നത്. പണവും ധീരതയും വിദ്യാഭ്യാസവും കൊണ്ട് അനുഗ്രഹീതമായ കുടുംബങ്ങളെ താൻ കണ്ടിട്ടുണ്ട്. എന്നാൽ, മൂന്ന് തലമുറയിലെ ധർമ്മാധികാരികളായ നാനാസാഹിബ്, അപ്പാസാഹിബ്, മകൻ സച്ചിൻ എന്നിവരുടെ സാമൂഹിക സേവനം ഇതുവരെ വേറാരിലും കണ്ടിട്ടില്ല’ -അമിത്ഷാ കൂട്ടിച്ചേർത്തു.
അപ്പാസാഹെബിനെ ആദരിച്ച സംസ്ഥാന സർക്കാരിനെ അഭിനന്ദിക്കണമെന്നും അമിത് ഷാ സദസ്സിനോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയെന്ന നിലയിൽ ദേവേന്ദ്ര ഫഡ്‌നാവിസ് അപ്പാസാഹെബിന് പത്മശ്രീ പുരസ്‌കാരം ശുപാർശ ചെയ്തിട്ടുണ്ടെന്നും ബിജെപി-ശിവസേന സർക്കാരാണ് 1995ൽ മഹാരാഷ്ട്ര ഭൂഷൺ പുരസ്‌കാരം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, നടന്നത് സർക്കാർ സ്പോൺസേഡ് ദുരന്തമാണെന്ന് എൻസിപി ആരോപിച്ചു. ആശുപത്രിയിൽ രാത്രി തന്നെ എത്തിയ പ്രതിപക്ഷ നേതാക്കളായ ഉദ്ദവ് താക്കറെയും അജിത് പവാറും സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കൊടുംചൂടിൽ പാലിക്കേണ്ട പ്രോട്ടോകോളുകളെല്ലാം ലംഘിക്കപ്പെട്ടതായി ചൂണ്ടിക്കാട്ടിയ നേതാക്കൾ, ദുരന്തത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു. മരിച്ചവരുടെ ബന്ധുക്കൾക്ക് അഞ്ച് ലക്ഷം സഹായ ധനം പ്രഖ്യാപിച്ച് ഒഴിഞ്ഞ് മാറാനാകില്ലെന്ന് എൻസിപി നേതാവ് സുപ്രിയാ സുലേ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.