കുട്ടിയുടെ കൈ പിടിച്ചതും പാന്റ്സിന്റെ സിബ് അഴിച്ചതും ലൈംഗികാതിക്രമമല്ലെന്ന് കോടതി
text_fieldsനാഗ്പുർ: അഞ്ചുവയസുകാരിയുടെ കൈയിൽ പിടിച്ചതോ 50കാരൻ പാൻറ്സിന്റെ സിബ് അഴിച്ചതോ ലൈംഗിക അതിക്രമത്തിന്‍റെയും പോക്സോ നിയമത്തിന്‍റെയും പരിധിയിൽ വരില്ലെന്ന് ബോംബെ കോടതി. ബോംബെ ഹൈകോടതി നാഗ്പുർ ബെഞ്ചിേന്റതാണ് വിചിത്ര വിധി.
അഞ്ചുവയസുകാരിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയെന്ന കേസിൽ ശിക്ഷ അനുഭവിക്കുന്ന 50കാരൻ കീഴ്കോടതി വിധിയെ ചോദ്യം ചെയ്ത് സമർപ്പിച്ച അപ്പീലിലാണ് വിധി. ജസ്റ്റിഡ് പുഷ്പ ഗനേഡിവാലയാണ് ജനുവരി 15ന് വിധി പ്രസ്താവിച്ചത്. 2020 ഒക്ടോബർ 20ന് ലിബ്നസ് കുജൂറിനാണ് പോക്സോ നിയമപ്രകാരവും മറ്റു വകുപ്പുകൾ പ്രകാരവും കീഴ്കോടതി അഞ്ചുവർഷം ജയിൽ ശിക്ഷ വിധിച്ചത്.
ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ പോക്സോ കേസിലെ ഒരു വിധി വിവാദമായിരിക്കെയാണ് സമാനമായ മറ്റൊരു വിധി കൂടി പുറത്തുവരുന്നത്. പെൺകുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തിൽ 39കാരൻ സ്പർശിച്ചത് പോക്സോ പരിധിയിൽ വരില്ലെന്നായിരുന്നു വിധി. ഈ വിധിക്ക് സുപ്രീംകോടതി സ്റ്റേ നൽകിയിരിക്കുകയാണ്.
അഞ്ചുവയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി വീട്ടിനകത്ത് അതിക്രമിച്ച് കടന്നതെന്ന് പ്രോസിക്യൂഷൻ പറയുന്നുവെങ്കിലും ലൈംഗിക അതിക്രമ കുറ്റം തെളിയിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ജസ്റ്റിഡ് ഗനേഡിവാല പറഞ്ഞു.
പോക്സോ നിയമത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തുന്നതിന് അതിക്രമിച്ചുകയറി ശാരീരിക സമ്പർക്കത്തിൽ ഏർപ്പെട്ടിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
'പെൺകുട്ടിയുടെ കൈകൾ കൂട്ടിപിടിച്ചതായും പ്രതിയുടെ പാന്റ്സിന്റെ സിബ് അഴിക്കുന്നതും ഒന്നാം സാക്ഷിയായ മാതാവ് കണ്ടതായി ആരോപിക്കുന്നു. ഇതൊരിക്കലും ലൈംഗിക അതിക്രമത്തിന്‍റെ പരിധിയിൽ വരില്ല' -കോടതി പറഞ്ഞു.
2018 ഫെബ്രുവരി 12ന് കുജൂർ മാതാവ് ജോലിക്ക് പോയ സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ കടന്ന് പെൺകുട്ടിയെ ലൈംഗികമായി അതിക്രമിച്ചുവെന്നാണ് പരാതി. ജോലിക്ക് ശേഷം മാതാവ് വീട്ടിൽ മടങ്ങിയെത്തിയപ്പോൾ കുജൂർ പെൺകുട്ടിയുടെ കൈയിൽ പിടിച്ചിരിക്കുന്നതും പാൻറ്സിന്റെ സിബ് അഴിക്കുന്നതും നേരിൽ കാണുകയായിരുന്നു. 50 കാരന്‍റെ വസ്ത്രം അഴിച്ചതായും കിടക്കയിലേക്ക് വിളിച്ചതായും കുട്ടി അമ്മയോട് പറഞ്ഞതായി കീഴ്കോടതിയിൽ മാതാവ് പറഞ്ഞു. നിലവിൽ കുജൂർ അഞ്ചുമാസം ജയിൽ ശിക്ഷ അനുഭവിച്ചതായും പോക്സോ പരിധിയിൽ വരാത്തതിനാൽ ഇനി ജയിൽ ശിക്ഷ അനുഭവിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.